കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച മാതൃക രാജ്യശ്രദ്ധ നേടിയിരുന്നു. ആഗോള തലത്തിൽ തന്നെ കേരളത്തിലെ കോവിഡ് പ്രതിരോധം വലിയ ചർച്ചയായി. എന്നാൽ, രാജ്യത്ത് രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിലുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. മഹാരാഷ്ട്രയ്‌ക്ക് ശേഷം ഇത്രയധികം കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്.

ഞായറാഴ്‌ച സംസ്ഥാനത്ത് 4,611 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,04,135 ആയി. അതായത് സംസ്ഥാനത്തെ 35 പേരെ എടുത്താൻ അതിൽ ഒരാൾക്ക് കോവിഡ് ഉണ്ടെന്ന് അർത്ഥം. രാജ്യത്ത് 135 പേരെ എടുക്കുമ്പോഴാണ് അതിൽ ഒരാൾക്ക് കോവിഡ് ഉള്ളതെന്നാണ് കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്.

ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ ഇപ്പോൾ കേരളത്തിലാണ്. ഞായറാഴ്‌ച വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിൽ 63,484 കോവിഡ് രോഗികളാണ് കേരളത്തിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആക്ടീവ് കേസുകളിൽ പകുതിയോളം കേരളത്തിൽ നിന്നാണ്. ഈ വർഷം ദിനംപ്രതി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരുന്ന പോസിറ്റീവ് കേസുകളിൽ 45 ശതമാനത്തോളം കേസുകളും കേരളത്തിൽ നിന്നായിരുന്നു.

Read Also: അതിവേഗ ഇന്റർനെറ്റുമായി കെ-ഫോൺ എത്തുന്നു; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

രോഗികളുടെ എണ്ണമല്ല മറിച്ച് മരണസംഖ്യയിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പ്രതിരോധം തീർക്കുന്നത്. മരണസംഖ്യയുടെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാന സർക്കാരിന്റെ പ്രതിരോധത്തിൽ വസ്‌തുതകളുണ്ടെന്നും വ്യക്തമാണ്. കേരളത്തിൽ മരണനിരക്ക് വളരെ കുറവാണ്. ആയിരം പോസിറ്റീവ് കേസുകളെടുത്താൻ വെറും നാല് മരണം എന്നതാണ് കേരളത്തിലെ നിരക്ക്. മറ്റ് സംസ്ഥാനങ്ങളിലെ മരണനിരക്ക് പരിശോധിച്ചാൽ കേരളത്തിലേത് വളരെ കുറവാണ്.

കേരളത്തിലെ ആകെ മരണസംഖ്യ 4,033 ആണ്. ഇതിൽ 48 പേരുടെ മരണം യഥാർഥത്തിൽ കോവിഡ് മൂലമല്ലെന്നാണ് പറയുന്നത്. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ മരണസംഖ്യ വളരെ മോശമാണ്.

രാജ്യത്ത് കോവിഡിന്റെ ഏറ്റവും അസാധാരണമായ വ്യാപനത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ വർഷം ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിരീകരിക്കുന്നത്. ആദ്യ കേസ് സ്ഥിരീകരിച്ച ശേഷമുള്ള ആറ് മാസങ്ങളിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ പിടിച്ചുനിർത്താൻ കേരളത്തിനു സാധിച്ചു. ഇത് വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നപ്പോഴും കേരളം പിടിച്ചുനിൽക്കുകയായിരുന്നു. സമ്പൂർണ അടച്ചുപൂട്ടലിൽ ഇളവുകൾ ഏർപ്പെടുത്തിയതോടെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയർന്നു. എന്നാൽ, അപ്പോഴും കേരളത്തിൽ പോസിറ്റീവ് കേസുകൾ കുറവായിരുന്നു. ജൂൺ ആദ്യ വാരം വരെ കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 നുള്ളിൽ തുടർന്നു. അപ്പോഴേക്കും മഹാരാഷ്ട്രയിൽ പ്രതിദിനം രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിരുന്നു. ഡൽഹി,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിനം ആയിരത്തിലധികം കേസുകൾ കണ്ടെത്തിയിരുന്നു.

Read Also: ഇന്ന് അർധരാത്രി മുതൽ ഫാസ്‌ടാഗ് നിർബന്ധം; സമയം നീട്ടി നൽകില്ല

എന്നാൽ, പിന്നീട് കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളവും പ്രതിസന്ധിയിലാകാൻ തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ കണക്ക് ഏറെ ആശങ്കാജനകമാണ്. സെപ്റ്റംബർ 11 നാണ് കൊറോണ വൈറസ് കേസുകൾ ഒരു ലക്ഷം കടന്ന പതിമൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയത്. അക്കാലത്ത് ആന്ധ്രയിൽ 5.5 ലക്ഷവും തമിഴ്‌നാട്ടിൽ അഞ്ച് ലക്ഷവും കർണാടകയിൽ 4.5 ലക്ഷവും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബീഹാർ, ഒഡീഷ, തെലങ്കാന, അസം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ പോലും കേരളത്തേക്കാൾ മുന്നിലായിരുന്നു.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർ മൂന്നാം വാരം മന്ദഗതിയിലാക്കാൻ തുടങ്ങി. എന്നാൽ, കേരളത്തിൽ കോവിഡ് വ്യാപന ഗ്രാഫ് ഉയർന്നുകൊണ്ടിരുന്നു. ഒക്ടോബർ 10 ന് സംസ്ഥാനത്ത് ഒരു ദിവസം 11,755 കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര ഒഴികെയുള്ള മറ്റൊരു സംസ്ഥാനവും ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം കേസുകൾ കണ്ടെത്തിയിട്ടില്ല. ഈ വർഷത്തെ മിക്ക ദിവസങ്ങളിലും രാജ്യത്തെ പുതിയ ദെെനംദിന കോവിഡ് കേസുകളിൽ 45 മുതൽ 50 ശതമാനം വരെ കേരളത്തിൽ നിന്നാണ് !

കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദമായ ഒരു വിശദീകരണവും ലഭ്യമല്ല എന്നതാണ് കൗതുകകരമായ കാര്യം. വിശ്വസനീയമായ വിശദീകരണങ്ങളൊന്നും ലഭ്യവുമല്ല. പ്രാരംഭ കാലഘട്ടത്തിൽ കേരളത്തിൽ വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ, രോഗബാധിതരല്ലാത്തവരും വൈറസിന് അടിമപ്പെടാൻ സാധ്യതയുള്ളവരുമായ ആളുകളുടെ വലിയൊരു വിഭാഗം ശേഷിച്ചിരുന്നു. കേരളം ഏതാണ്ട് പൂർണ്ണമായും നഗരവൽക്കരിക്കപ്പെട്ടതിനാൽ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമീണ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടിങ് വളരെ ശക്തമല്ല. അല്ലെങ്കിൽ, മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആളുകൾ മാസ്‌ക് ധരിക്കുന്നതിലും ശാരീരിക അകലം പാലിക്കുന്നതിലും കൂടുതൽ അശ്രദ്ധരായിരിക്കാം എന്നുവേണം കരുതാൻ. കേരളത്തിൽ ഇപ്പോൾ കഴിഞ്ഞ കുറേ ദിവസങ്ങളായി 5,000 ത്തിനും 6,000 ത്തിനും ഇടയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook