/indian-express-malayalam/media/media_files/2024/11/29/FHO4aZvxatKVHdyHs0uj.jpg)
കരുനാഗപ്പള്ളി ഏരിയാകമ്മറ്റി ഓഫീസിലേക്ക് ഒരുവിഭാഗം സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം
കൊല്ലം: സിപിഎം ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രകടനം നടത്തി പാർട്ടിയിലെ അതൃപ്തർ. സേവ് സിപിഎം എന്ന പേരിൽ വിവിധ ലോക്കൽ കമ്മിറ്റികളിലെ അസംതൃപ്തരായ ആളുകളാണ് പ്രകടനം നടത്തിയത്. കൊള്ളക്കാരിൽ നിന്ന് രക്ഷിക്കൂ എന്ന പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. അൻപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.
പാർട്ടിക്കുള്ളിലെ വിഭാഗീയത നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. പല സമ്മേളനങ്ങളിലും ഏകപക്ഷീയമായാണ് പാനൽ അംഗീകരിച്ചത്. മത്സരം ഉണ്ടായാൽ അതിൽ ജയിക്കുന്നവരെ അംഗീകരിക്കുകയാണ് സമ്മേളനം ചെയ്യേണ്ടത്. അല്ലാതെ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയല്ല വേണ്ടത്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ഉപയോഗിക്കുകയാണ് പി ആർ വസന്തൻ ചെയ്യുന്നത്. ഈ ഏരിയയിൽ പാർട്ടിയെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കുറച്ചുകാലം അദ്ദേഹം പാർട്ടി നടപടി എടുത്തപ്പോൾ ഇവിടെ ഐക്യത്തോടെയായിരുന്നു പ്രവർത്തനം നടന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനവും ആലപ്പാട് നോർത്ത് സമ്മേളനവും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. സംസ്ഥാനസമിതി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയിൽ പൂട്ടിയിടുന്ന സാഹചര്യം വരെ ഉണ്ടായി. സമ്മേളനത്തിൽ പാനൽ അവതരിപ്പിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പാനൽ അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു എതിർത്തവരുടെ നിലപാട്. മറ്റുചിലരെക്കൂടി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഇത് പൂർണമായും അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധമുയർന്നത്.
ഇത്തവണ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നതിനാൽ കരുനാഗപ്പള്ളി ഏരിയയിൽ ഒഴികെ മറ്റ് ലോക്കൽ സമ്മേളനങ്ങളെല്ലാം നേരത്തെ തന്നെ നടന്നിരുന്നു. വിഭാഗീയതയെ തുടർന്നാണ് ലോക്കൽ സമ്മേളനങ്ങൾ മാറ്റിവെക്കേണ്ടി വന്നത്. ഇനി മൂന്ന് ലോക്കൽ സമ്മേളനം കൂടിയാണ് നടക്കാനുള്ളത്. ഡിസംബർ രണ്ടിന് കരുനാഗപ്പള്ളി ഏരിയ സമ്മേളനം തുടങ്ങും. വിഭാഗീയതയും പ്രതിഷേധങ്ങളും ഏരിയ സമ്മേളനത്തിലേക്കും വ്യപിക്കാനാണ് സാധ്യത.
അതേസമയം, വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി അറിയിച്ചു. വിഭാഗീയ പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികൾ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.