scorecardresearch

പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം

ഐഇ മലയാളം കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗം ആരംഭിച്ചത് പ്രിയ എ എസിന്റെ ഈ നോവലിലൂടെയായിരുന്നു

ഐഇ മലയാളം കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗം ആരംഭിച്ചത് പ്രിയ എ എസിന്റെ ഈ നോവലിലൂടെയായിരുന്നു

author-image
Hari
അപ്‌ഡേറ്റ് ചെയ്‌തു
New Update
Priya AS | Perumazhayathe Kunjithalukal

2018 നവംബര്‍ ഒന്നിന് ഐഇ മലയാളം പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് പ്രിയ എ എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ ബാല സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് പ്രിയ എ എസിനാണ് ഇത്തവണ പുരസ്കാരം. 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന നോവലാണ് പുരസ്കാര‍ം നേടിക്കൊടുത്തത്.

Advertisment

50,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഓരോ ഭാഷയിലും മൂന്ന് പേരടങ്ങിയ ജൂറി പാനലാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് ഡോ. പോള്‍ മണലില്‍, ശ്രീ ബി എസ് രാജീവ്, ശ്രീ മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരാണ് പാനലില്‍ ഉണ്ടായിരുന്നത്.

2020-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ വിഭാഗത്തില്‍ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' പുരസ്കാരത്തിന് അര്‍ഹമായിരുന്നു.

ഇത് രണ്ടാം തവണയാണ് പ്രിയ എ എസിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നത്. അരുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മോള്‍ തിങ്സി'ന്റെ മലയാളം വിവര്‍ത്തനമായ 'കുഞ്ഞു കാര്യങ്ങളുടെ ഒടയതമ്പുരാന്‍' എന്ന കൃതിക്കായിരുന്നു പുരസ്കാരം. 2014-ലായിരുന്നു പുരസ്കാര നേട്ടം.

Advertisment

2018 നവംബര്‍ ഒന്നിന് ഐഇ മലയാളം പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് പ്രിയ എ എസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’. ഐഇ മലയാളം കുട്ടികള്‍ക്കായുള്ള പ്രത്യേക വിഭാഗം ആരംഭിച്ചത് പ്രിയ എ എസിന്റെ ഈ നോവലിലൂടെയായിരുന്നു.

എഴുത്തുകാരനും കവിയുമായ കെ ജയകൃഷ്ണനാണ് നോവലിന്റെ ചിത്രീകരണം നിർവഹിച്ചത്. പൂർണ ബുക്‌സിന്റെ ‘സമ്മാനപ്പൊതി 2018’ൽ ഉൾപ്പെട്ടതാണ് ഈ കൃതി.

'പെരുമഴയത്തെ കുഞ്ഞിതളുകള്‍' നോവലിനെ കുറിച്ച് പ്രിയ എസ്

ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് 'പെരുമഴയത്തെ കുഞ്ഞിതളുകളാ'യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം.

അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.

പെരുമഴയത്തെ കുഞ്ഞിതളുകള്‍’ ഇവിടെ വായിക്കാം

Priya As

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: