കേരള പിറവിയും ശിശുദിനവും ആഘോഷിക്കുന്ന നവംബറിൽ ഐഇ മലയാളം കുട്ടികൾക്കായി ഒരു വിഭാഗം തുടങ്ങുകയാണ്. കുട്ടികളുടെ രചനകളും കുട്ടികൾക്കായി മുതിർന്നവർ എഴുതിയ രചനകളും ഇതിലുണ്ടാകും.
പുതിയ കാലത്ത് ഓൺലൈൻ രംഗത്തെ വായന സജീവമാകുകയും കുട്ടികളും മുതിർന്നവരും ഓൺലൈൻ വായനയിലേയ്ക്ക് കൂടുതലായി കടന്നുവരികയും ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ ലോകത്തെ ഗൗരവമായി കണ്ടുകൊണ്ട് തന്നെയുളള ഉളളടക്കം നൽകുന്നതിനായിരിക്കും പ്രധാനമായും ശ്രദ്ധ ചെലുത്തുക. മലയാളത്തിലെ മാത്രമല്ല, ലോകത്തെ വിവിധയിടങ്ങളിലെ സർഗാത്മക മേഖലകളെ മലയാളത്തിൽ കുട്ടികൾക്കായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
സാഹിത്യം മാത്രമല്ല, മറ്റ് വിഷയങ്ങളും കുട്ടികൾക്കായി അവതരിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തും. നവംബർ ഒന്നിന് മലയാളത്തിലെ പ്രിയ കഥാകാരി പ്രിയ എ എസ് കുട്ടികൾക്കായി എഴുതുന്ന ‘പെരുമഴയത്തെ കുഞ്ഞിതളുകള്‍’ നോവലിലൂടെയും പതിനൊന്നുകാരിയായ അകിയാ കൊമാച്ചിയുടെ ഫൊട്ടോ ഗ്യാലറിയിലൂടെയും ദ് ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഐ ഇ മലയാളം കുട്ടികൾക്കായുളള പുതിയ വിഭാഗം ആരംഭിക്കുകയാണ്.
പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിനെ കുറിച്ച് പ്രിയ എഴുതുന്നു
ഇതായിരുന്നില്ല എഴുതാനുദ്ദേശിച്ച കഥാപ്രപഞ്ചം. പ്രളയത്തില്‍ നദികള്‍ ദിശ മാറി ഒഴുകിയതുപോലെ, എന്റെ മനസ്സിലെ കഥയും ദിശ മാറി ഒഴുകിയാണ് ‘പെരുമഴയത്തെ കുഞ്ഞിതളുകളാ’യത്. പ്രളയശേഷം , വേറെ എന്തെങ്കിലും കഥകളുമായി കുട്ടികളുടെ മുന്നില്‍ വരുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് തോന്നി. ഞാന്‍ ജോലി ചെയ്യുന്ന കൊച്ചിന് യൂണിവേഴ്സിറ്റി, പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചില്ലായിരുന്നെങ്കില്‍, ഈ പ്രളയ ചിത്രങ്ങളിത്രയടുത്ത് എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയം. അവിടെ ഞാന്‍ കണ്ടുമുട്ടിയ നനഞ്ഞുവിറങ്ങലിച്ച ഓരോ ജീവിതഏടുകളും ഈ പുസ്തകത്തിന്റെ പിറവിക്കുള്ള നിമിത്തങ്ങളാണ്. പ്രളയകാലം നോവിച്ച ഓരോ കുട്ടിയെയും, ഈ പുസ്തകം ഒരക്ഷരച്ചേക്കുട്ടിയായി കൈ പിടിച്ച് ചേറിനപ്പുറത്തേക്ക് കൊണ്ടുപോകണേ, ഇനിയൊരു പ്രളയം വരാതിരിക്കാന്‍ തക്ക മുന്‍കരുതലുകളെടുക്കാന്‍ തക്ക വണ്ണം ശാസ്ത്രീയമായ ഉള്‍ക്കാഴ്ചകളിലേക്ക് ഒരു പിടി കുഞ്ഞിതളുകളെയെങ്കിലും പ്രേരിപ്പിക്കണേ എന്നുമാണ് എഴുത്തുകാരിയുടെ പ്രാര്‍ത്ഥന.
നോവൽ ഒന്നാം ഭാഗം
അബു
വേനലൊഴിവ് കഴിഞ്ഞ് സ്കൂള്‍ തുറന്ന കാര്യം മഴ അറിഞ്ഞില്ലേ എന്ന് അബുവിന് സ്കൂൾ തുറന്ന ആദ്യ ആഴ്ച വലിയ സംശയമായി.കാരണം മാനത്തെങ്ങുമില്ല ഇരുണ്ട ഒരു മേഘം പോലും.
അബുവിന്റെ വീട്ടുമുറ്റത്തെ ചെടികള്‍ ചോദിച്ചു അബുവിനോട് , ‘നീ നിന്റെ സ്കൂളില്‍ വച്ചോ സ്കൂള്‍വാന്‍ പോകുന്ന വഴിയില്‍ വച്ചോ കണ്ടിരുന്നോ മഴയെ?’. ‘ഇല്ലെന്നേ, അവനെ കാണാനേ ഇല്ലെന്നേ’ എന്നവരോടെല്ലാം പറഞ്ഞ് അബു സ്കൂളില്‍ ചെന്നിറങ്ങിയപ്പോള്‍ , സ്കൂളിലെ മരങ്ങളും പുല്‍ത്തകിടിയും തളര്‍ന്ന് നിന്ന് അബുവിനോട് ചോദിച്ചു, ‘നിന്റെ വീട്ടിലെങ്ങാന്‍ വന്നോ മഴ, വന്നാലവനെ ഒന്നിങ്ങോട്ട് കൂട്ടിക്കൊണ്ടു വരണേ.’
മഴയത്ത് തുള്ളിക്കളിക്കാന്‍ അബുവും കൂട്ടുകാരും മാത്രമല്ല നാട്ടിലെ മരങ്ങളും ചെടികളും പുല്ലുകളും ആടുകളും കിളികളും വരെ കാത്തുനില്പ്പാണെന്നറിഞ്ഞപ്പോള് അബു, അവന് പണ്ട് നേഴ്സറി സ്കൂളില്‍ പഠിച്ച പാട്ട് ബാല്‍ക്കണിയില്‍ ചെന്നുനിന്ന് ആകാശത്തെ നോക്കി ഉറക്കെയുറ ക്കെ ചൊല്ലി .’മഴ വാ , മഴ വാ , മഴയ്ക്ക് ചക്കര പീര തരാം’.
ഉമ്മയുടെ ചുവപ്പുകാറിനടിയില് പെട്രോള്മണം ആസ്വദിച്ച് മൂക്കുവിടര്‍ത്തി കിടന്ന തവിട്ടുനിറമുള്ള പൂച്ച പുറത്തേയ്ക്ക് മുഖം മാത്രം നീട്ടി ‘നെനക്കിതെന്താ നൊസ്സായോ’ എന്ന അര്‍ത്ഥത്തിലാവും ‘മ്യാവൂ’ എന്ന് ഒച്ചവെച്ചു . അബു പാട്ട് നിര്‍ത്തണില്ല എന്നായപ്പോള്‍ ,’ഈ ചെക്കനിതെന്തൊരു ശല്യമാണ്’ എന്നമട്ടില്‍ മീശ വിറപ്പിച്ച്, വാല് വാളുപോലെ ഉയര്‍ത്തിപ്പിടിച്ച് ആ പൂച്ച ഒറ്റപ്പോക്ക്.
‘ആ പൂച്ച പോലും എണീറ്റുപോയി നിന്റെ ഗാനമാധുരി കേട്ട്, വാ താഴെ വന്ന് വല്ലതും കഴിയ്ക്ക് ‘ എന്ന് ഉമ്മ പറഞ്ഞതും മഴ ചാറി. അബു മഴയ്ക്ക് നേരെ ചിരിച്ചുകൊണ്ട് മുഖം നീട്ടിക്കാണിച്ചു.

‘ആഹാ മഴ നിന്നെപ്പോലെയല്ല നല്ല അനുസരണയുണ്ട് അതിന്, അല്ലേ അബൂ ?’എന്നു ചോദിച്ചുമ്മ അബുവിനെ നോക്കി കള്ളച്ചിരി ചിരിച്ചു. അപ്പോള്‍ കാറ്റുവന്ന് മഴച്ചാറ്റലിനെ പരത്തിത്തൂവിയിട്ടു. മഴത്തൂളി വന്ന് അബുവിനെ പൊതിഞ്ഞു. ‘പുതുമഴ നനയണ്ട’ എന്നുമ്മ പറഞ്ഞു.പിന്നെ ചറുപറ മഴയായി. നോക്കിനില്‍ക്കെ മഴത്തുളിയുടെ കനവും തണുപ്പും കൂടി. മഴയെക്കാണാന് ഇത്തിരി വെയിലും വന്നു. മഴയ്ക്കും വെയിലിനും ഇടയില്‍ കൂടി ആരോ മഴവില്ല് വരച്ചിട്ടപ്പോള്‍ അബു, ‘ഉമ്മച്ചീ ,ഓടി വായോ ,പെട്ടെന്ന് വായോ ‘എന്ന് ആര്‍ത്തുവിളിച്ചു. ഹാര്‍മോണിയ പ്പെട്ടിപോലെ ലാപ് ടോപ്പ് തുറന്നു പിടിച്ച് ഓഫീസിലെ കണക്കുകളുടെ ബാക്കി ചെയ്യുകയായിരുന്നു ഉമ്മ. ചടുപടാ എന്നത് ഷട്ട് ഡൗണ്‍ ചെയ്ത് ,’ഹെന്താ’ എന്ന് ഉമ്മച്ചി പേടിച്ചോടി വന്നു.പിന്നെ ‘ഹായ്’ എന്ന് മാനം നോക്കി ഒരുമധുര-ഉമ്മച്ചിയായിയായി.
മഴയ്ക്ക് നോക്കാന്‍ ഒരു കണ്ണാടിയാണെന്ന പാകത്തില്‍ അബു , അവന്റെ മുഖം പിടിച്ചുകൊടുത്തു. ഉമ്മിയുടെ ചുരുണ്ട തലമുടിയില്‍ വള്ളിച്ചെടികളില്‍ എന്ന പോലെ മഴത്തുള്ളി മുത്തുപോലെ തൂങ്ങിക്കിടന്നു.
ഉമ്മ അപ്പോള്‍, ‘മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി മറവികളെന്തിനോ ഹരിതമായി’ എന്ന പാട്ട് പതിഞ്ഞ ഒച്ചയില്‍ പാടി. ഉമ്മച്ചിയ്ക്കൊരു പാടിഷ്ടമുള്ള പാട്ടാണതെന്ന് അബുവിനറിയാം. ഉമ്മച്ചിക്കിഷ്ടം എന്നു പറഞ്ഞാല്‍ അബു ജനിക്കുന്നതിന് തൊട്ടുമുന്‍പ് മഞ്ഞപ്പിത്തം വന്ന് മരിച്ചു പോയ അബു കാണാത്ത അബുവിന്റെ ഉപ്പ പാടുമായിരുന്ന പാട്ട് എന്നാണര്‍ത്ഥം.
പക്ഷേ, അതു കേള്‍ക്കേ അബുവിന്, ‘മണ്ണുകൊണ്ടുള്ള വീണ മഴയത്തലിഞ്ഞുപോകില്ലേ’ എന്ന് സംശയം വന്നു. ‘മണ്ണ് തന്നെയാണ് വീണ, മഴ തൊടുമ്പോള്‍ മണ്ണ് സ്വയമൊരു വീണയായി മാറി പാടാന്തുടങ്ങുന്നു’ എന്നാണതിന്റെ അര്‍ത്ഥം എന്ന് ഉമ്മ പറഞ്ഞു .ഉമ്മ പറഞ്ഞത് അത്ര കാര്യമായി പിടി കിട്ടാത്തതിനാല്‍, ‘ഓ ,അങ്ങനെയെങ്കില്‍ അങ്ങനെ’ എന്ന് പറഞ്ഞ് അബു പിന്നെയും മഴയുമായി കളിച്ചുരസിച്ചു.
പിന്നെ എല്ലാദിവസവും മഴ വന്നു. കറുത്ത യൂണിഫോം ഷൂസിനകത്ത് എന്നും വെള്ളം കയറി. ആ വെള്ളപ്പൊക്കത്തില്‍ സോക്സ് നനഞ്ഞുകുതിര്‍ന്നു. അപ്പോള്‍ എല്ലാ മഴക്കാലത്തുമെന്നപോലെ ‘കറുത്ത സാദാ ചെരുപ്പുകള്‍ ‘ ഇടാന്‍ സ്ക്കൂള് അനുവാദം കൊടുത്തു.
എട്ടാം ക്ളാസുകാരനായതുകൊണ്ട് പാന്റ്സാണല്ലോ അബുവിന് . പക്ഷേ ആ കരുതലൊന്നുമില്ലാതെ മഴ വന്ന് അബുവിന്റെ ചന്ദനനിറമുള്ള പാന്റ്സിനറ്റത്ത് ചെളി തേച്ചുപിടിപ്പിച്ച് അബുവിന്റെ പാവം ഉമ്മച്ചിയെ വിഷമിപ്പിച്ചു. അങ്ങനെയായപ്പോള്‍, ‘അബു തന്നെ യൂണിഫോം കഴുകണം’ എന്ന് ഉമ്മ പറഞ്ഞു. അബുവിനതില് പരിഭവമൊന്നും തോന്നിയില്ല.പക്ഷേ അബു കഴുകിയ യൂണിഫോമിലൊക്കെ ചെളി അങ്ങനെ തന്നെ ഇരുന്നു. ഉമ്മ, അബുവിനെ വഴക്കു പറഞ്ഞു. തനിക്കു കിട്ടിയ വഴക്കിനു പകരമായി അപ്പോള്‍ അബു, മഴയെ വഴക്ക് പറഞ്ഞു .
Read More: പെരുമഴയത്തെ കുഞ്ഞിതളുകള്‍ നോവലിന്റെ രണ്ടാം ഭാഗം വയലറ്റും ഗ്രീനും ഇവിടെ വായിക്കാം
പിന്നെപ്പിന്നെ കാണെക്കാണെ മഴ കനക്കാന്‍ തുടങ്ങി. രാത്രിയെന്നില്ല രാവിലെയെന്നില്ല ഉച്ചയെന്നില്ല സര്‍വ്വ നേരവും മഴ.
‘മഴയുടെ നാലഞ്ച് നട്ട് ഒന്നിച്ച് ലൂസായെന്നാ തോന്നണത് ‘ എന്ന് ക്ളാസിലെ നെബില്‍ പറഞ്ഞുചിരിച്ചു.സ്ക്കൂള്ബസീന്ന് ക്ളാസിലേക്ക് കുടയും പിടിച്ചോടിയിട്ടും നെബിലിന്റെ പോക്കറ്റില്‍ വരെ വെള്ളം കയറി.’മഴ നമക്കു പണി തരാനെറങ്ങിയിരിക്കുവാണല്ലോ’ എന്ന് ഗീവര്‍ഗ്ഗീസ് , നെബിലിന്റെ പോക്കറ്റിലെ വെള്ളം കൈ കൊണ്ട് തേകിക്കളഞ്ഞ് ചിരിച്ചു.
വല്യപ്പച്ചന്റെ വീട്ടില്‍ കുളമുണ്ടെന്നും സ്ക്കൂളൊഴിവിന് താനവിടെ ചെല്ലുമ്പോഴാണ് കുളം വെട്ടുകയും തേകുകയും ഒക്കെ ചെയ്യാറെന്നും അപ്പോള്‍ നിറയെ ആമയെയും മീനിനെയും നീര്‍ക്കോലിയെയും കിട്ടുമെന്നും നെബില്‍ പറഞ്ഞു.നെബിലൊഴികെ ആരും കുളം വെട്ടുന്നതും തേകുന്നതുമൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. കുളം വെട്ടുന്നതിന്റെ ‘Demonstration’ നെബില്‍ കാണിച്ചുകൊടുത്തിട്ടും അവര്‍ക്കൊന്നും മനസ്സിലായില്ല.അവരില്‍ എന്നാപ്പിന്നെ വേനലവധിക്ക് നമുക്കെല്ലാവര്‍ക്കും കൂടി നെബിലിന്റെ വീട്ടില്പ്പോകാമെന്നവര് തീരുമാനിച്ചു.’നിന്നെ വിടുവോടാ വീട്ടീന്ന്’ എന്നവരുടെ ചര്‍ച്ച തമ്മില്‍ത്തമ്മില്‍ കൊഴുക്കുന്നതിനിടെ മഴയും കൊഴുത്തു.
അന്നത്തേതിനുശേഷമുള്ള മഴക്കഥയൊന്നും പറയാതിരിക്കുകയാണ് ഭേദം.
മഴയ്ക്ക് ഒരു ലക്കും ലഗാനുമില്ലാതായി.’ഡാമുകളൊക്കെ നിറയുന്നു, ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടേണ്ടി വരും’ എന്ന് പത്രങ്ങളും ചാനലുകളും മഴപ്പേക്കൂത്തിനെക്കുറിച്ചുതന്നെ പറയാന്‍ തുടങ്ങി.കവിളില്‍ വെള്ളം നിറച്ചുനില്‍ക്കുന്ന ഒരു കുട്ടിയാണ് ഇടുക്കി ഡാം എന്ന് അബുവിനു തോന്നി. അവന്റെ കവിളൊന്ന് ഞെക്കിയാല്‍ വെള്ളം പുറത്തുചാടും, ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ,അവന്റെ ഊത്തക്കവിളപ്പൊഴൊന്നു ചൊട്ടും, പിന്നെ കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണ് അബു സങ്കല്‍പ്പിച്ചത്. അബു അങ്ങനെ പറഞ്ഞപ്പോഴാണ് നെബിലിനും ഗീയ്ക്കുമൊക്കെ സമാധാനമായത്.
പക്ഷേ ‘Yellow Alert, Orange Alert,Red Alert’ എന്ന് അണക്കെട്ടുകളിലെ വെള്ളത്തിന്റെ നിരപ്പും അപകടസാദ്ധ്യതയും കൂടിക്കൂടി വന്നു. ഏറ്റവുമിഷ്ടമുള്ള നിറം ചുവപ്പാണെന്ന് എപ്പോഴും പറയുന്ന അബുവിന് ചുവപ്പെന്ന് കേള്‍ക്കുമ്പോള്‍ പേടി വന്നു തുടങ്ങി.

ഒടുക്കം,റെഡ് അലര്‍ട്ട് തന്നെ വന്നു.ഡാമുകള്‍, പണി പറ്റിച്ചു.ഡാമുകളുടെ ഷട്ടറുകളെല്ലാം ഒന്നിച്ച് തുറക്കേണ്ടിവന്നു.വെള്ളത്തിന്റെ ഒഴുക്ക് അതോടെ അക്രമാസക്തമായി. ഉപ്പുചുവയില്ലാത്ത കടല്‍ പോലെ എല്ലായിടത്തും വെള്ളം, കൂറ്റന്‍ തിരമാലകളായി.
ഉമ്മിയുടെ Sunny കാറിനെ, cloudy sky തോല്‍പ്പിച്ചു.
ഉമ്മിയെ Laptop നെ മഴ വന്ന്, അതിന്റെ lapലേക്കെടുത്തിട്ടു.
ഡ്രൈവ് വേയിലൂടെ വന്ന വള്ളത്തില്‍ക്കയറി ഒടുക്കം , അബുവും ഉമ്മിയും .
മീന്മണക്കുന്നവര് തുഴഞ്ഞ തോണിയില്‍ ഇരുന്നപ്പോള്‍ ‘സ്നേഹം മണത്തു’ എന്ന് ഉമ്മച്ചിയുടെ കൂട്ടുകാരി തെരേസാ ആന്റിയുടെ ഏഴാം നിലയിലെ ഫ്ളാറ്റിലിരുന്ന് രാത്രിനേരത്ത് ഉമ്മച്ചി പറഞ്ഞു. ഉറങ്ങുകയായിരുന്നു അബു. “Damn all these Dams” എന്ന് അബു ഉറക്കത്തില്‍ പിറുപിറുത്തു.
പിന്നെ ഏഴുദിവസത്തോളം അവരവിടെക്കഴിഞ്ഞു.
കറന്റ് ഏതു നിമിഷവും പോകാം എന്ന് ഫ്ളാറ്റിലെ എല്ലാവരും തമ്മില്‍ത്തമ്മില്‍ പറഞ്ഞു.അതു കേട്ടതോടെ,തെരേസാ ആന്റി, ഫ്രിഡ്ജില്‍ ഇരുന്ന കുറച്ചു മീനുകള്‍ വറുത്ത് ടിന്നിലിട്ടടച്ചു വച്ചു .
മോരു കാച്ചിയതും മീനും കൂട്ടി അവരെല്ലാം മൂന്നു നേരവും ചോറുണ്ടു. ദോശമാവരയ്ക്കാന് കറന്റുവേണ്ടേ ? ബ്രഡു വാങ്ങാന്‍ കടകള്‍ തുറക്കണ്ടേ ?
‘വലുതും ചെറുതുമായ മീനുകളെല്ലാം ആ മീന്കാരുടെ കണ്ണുകള്‍ പോലെ’ എന്ന് സ്നേഹവും സങ്കടവും വന്നിട്ട് അബു ഒരു മീനും കൂട്ടിയില്ല. അച്ചാറും തൈരും മതിയെന്നായി അബു.
പച്ചക്കറി കിട്ടാനില്ലായിരുന്നു. ഒരിയ്ക്കലും പച്ചക്കറി കഴിയ്ക്കാത്ത ജോസഫ് , മീന്‍ മാത്രം കൂട്ടി മടുത്ത് ‘പച്ചക്കറി മതി ‘ എന്നു ചിണുങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരത്തിനായി ക്യൂ നില്‍ക്കുന്നവരെ അപ്പോള്‍ തെരേസായാന്റി അവന് ടിവിയില്‍ കാണിച്ചുകൊടുത്തു. ‘ഇനിയും മഴ തുടര്‍ന്നാല്‍ നമ്മളും ഇങ്ങനെ പോയി നില്‍ക്കേണ്ടി വരും’ എന്നും പറഞ്ഞു.
അന്നു മുതല്‍ ഓരോ മീനിനും ‘വെണ്ടയ്ക്ക, കുമ്പളങ്ങ,കോവയ്ക്ക’ എന്നു പേരിട്ട് ജോസഫ് സന്തോഷമായി ഊണു കഴിച്ചു.’സമോസ, കട്ലറ്റ് ഇതൊക്കെ ഒരിയ്ക്കലും ആര്‍ക്കും സംഭവിച്ചിട്ടില്ലാത്ത തോന്നലുക ളാണെ’ന്നും അവന് അബുവിനോട് പറഞ്ഞു.
പതിനൊന്നുകാരിയുടെ ക്യാമറകണ്ണുകളിലെ വിസ്മയക്കാഴ്ചകൾ- അകിയ കൊമാച്ചിയുടെ ഫൊട്ടോകൾ കാണാം
ഉമ്മിയുടെ കാറിനടിയില്‍ കിടക്കാന്‍ വരാറുണ്ടായിരുന്ന പൂച്ചയുടെ അവസ്ഥ എന്തായിക്കാണും എന്ന് പിന്നെ അവര്‍ രണ്ടാളും കൂടിയിരുന്ന് ആലോചിച്ചു.
പൂച്ചകളുടേത് മാത്രമായ ഒരു ദുരിതാശ്വാസക്യാമ്പില്‍ ‘വാല് ,വാള് പോലെയാക്കി മീശ വിറപ്പിച്ച് ‘ ആ പൂച്ച നടക്കുന്ന ഒരു പടം , ജോസഫ് അബുവിന് വരച്ചുകൊടുത്തു. പടത്തില്‍, ക്യാമ്പിലെ പൂച്ച-അംഗങ്ങള്‍ ടി വിയിലെ മനുഷ്യരെപ്പോലെതന്നെ ക്യൂ നില്‍ക്കുകയായിരുന്നു ഭക്ഷണത്തിന്. ‘പച്ചച്ചോറ് തിന്നില്ല, മുട്ട പൊരിച്ചത് കൂടി വേണം’ എന്നു പറഞ്ഞു വാശി പിടിക്കുന്ന ക്യാമ്പംഗങ്ങളെ നിലയ്ക്കു നിര്‍ത്താനാണ് നമ്മുടെ പൂച്ചച്ചാര് ചിത്രത്തില്‍ക്കൂടി വാല് വിറപ്പിച്ചു നടന്നത് എന്നും ജോസഫ് പറഞ്ഞു.