scorecardresearch

തല്ലിയതൊക്കെ നമ്മുടെ പൊലീസ്: മന്ത്രിസഭാ യോഗത്തില്‍ സിപിഐ-സിപിഎം തര്‍ക്കം

പൊലീസിന് ഒരു എംഎല്‍എയെ അറിഞ്ഞുകൂടെയെന്ന് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരന്‍

പൊലീസിന് ഒരു എംഎല്‍എയെ അറിഞ്ഞുകൂടെയെന്ന് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരന്‍

author-image
WebDesk
New Update
തല്ലിയതൊക്കെ നമ്മുടെ പൊലീസ്: മന്ത്രിസഭാ യോഗത്തില്‍ സിപിഐ-സിപിഎം തര്‍ക്കം

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിപിഐ മന്ത്രിമാര്‍ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത്. ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എക്കും സിപിഐ നേതാക്കള്‍ക്കും മര്‍ദനമേറ്റതില്‍ സിപിഐ മന്ത്രിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

എംഎല്‍എയെ തല്ലിയത് സിആര്‍പിഎഫോ ആംഡ് ബറ്റാലിയനോ അല്ല, ലോക്കല്‍ പൊലീസാണ്. പൊലീസിന് ഒരു എംഎല്‍എയെ അറിഞ്ഞുകൂടെയെന്ന് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചോദിച്ചു. ഇനിയും സമരത്തിനിറങ്ങുമെന്നും പ്രതിഷേധിക്കുമെന്നും മന്ത്രി വി.എസ്.സുനില്‍കുമാറും പറഞ്ഞു.

മന്ത്രിമാര്‍ തമ്മിലുള്ള സംസാരം പരിധി വിട്ട് തുടര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെട്ടു. ലാത്തിചാര്‍ജിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്ന ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘ഞങ്ങളൊന്നു മനസുവച്ചാല്‍’; മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി

Advertisment

ഐജി ഓഫീസ് മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത് നിര്‍ഭാഗ്യകരമായ സംഭവം ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. എംഎല്‍എയെയും സിപിഐ നേതാക്കളെയും ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം, മാര്‍ച്ചിനിടെയുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐ ചൂരലുകൊണ്ട് ആഞ്ഞടിക്കുന്ന ചിത്രമാണ് എൽദോ എബ്രഹാം പുറത്ത് വിട്ടത്. പൊലീസ് അതിക്രമത്തിനുള്ള തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണെന്നും എംഎൽഎ പറയുന്നു. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ല. തല്ലിയത് എസ്ഐ തന്നെയാണെന്നതിന് തെളിവുണ്ട്. സ്പീക്കറെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. എംഎൽഎ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് പൊലീസ് തന്നെ അടിച്ചതെന്നും എൽദോ എബ്രഹാം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Cpi Cpm Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: