/indian-express-malayalam/media/media_files/uploads/2019/08/lucy-kalapura-02.jpg)
കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് കളമശേരി എസ്എംഐ കോൺവെന്റിലെ സിസ്റ്റർ ലിഷ്യ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്.
പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകൾക്കും കത്തോലിക്കാ വിശ്വാസികൾക്കും അങ്ങേയറ്റം അപകീർത്തികരമാണന്നും നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പുരോഹിതരും ലൈംഗിക അരാജകത്വത്തിൽ ഏർപ്പെട്ട് സദാചാര വിരുദ്ധ ജീവിതം നയിക്കുകയാണെന്ന് പുസ്തകത്തിലുടെ പ്രചരിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
Also Read: പുറത്താക്കിയ നടപടി റദ്ദാക്കണം; വീണ്ടും അപ്പീലുമായി സിസ്റ്റര്‍ ലൂസി കളപ്പുര
കത്തോലിക്കാ സഭയെക്കുറിച്ച് പൊതുസമൂഹത്തിലുംപ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലും സദാചാര ബോധമുള്ളവരിലും നേരായ ജീവിതം നയിക്കുന്നവർക്കിടയിലും തെറ്റായ സന്ദേശമാണ് പുസ്തകം പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
പുസ്തകം സദാചാര ബോധത്തിനും മാന്യതയ്ക്കും നിരക്കാത്തതും പൊതുബോധത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, കർമ ന്യുസ് മാനേജിങ് ഡയറക്ടർ, ഡിസി ബുക്സ് , ചീഫ് സെക്രട്ടറി, സംസ്ഥാന സർക്കാർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. കേസ് കോടതി നാളെ പരിഗണിച്ചേക്കും.
ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിലാണ് പുസ്തക പ്രകാശനം. സിസ്റ്റർ ലൂസി, ജസ്റ്റിസ് കെമാൽ പാഷ,
എം എൻ കാരശ്ശേരി, അഭിഭാഷകരായ ജയശങ്കർ, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുക്കും. മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയും അധ്യാപികയുമായ സിസ്റ്റർ ലൂസിയെ സഭാചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച്
സഭ പുറത്താക്കിയിരിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.