കൊച്ചി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സഭയില്‍നിന്നു തന്നെ പുറത്താക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനു വീണ്ടും അപ്പീല്‍ നല്കി. ഈ ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി നേരത്തെ നല്കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയിരുന്നു.
സന്യാസ സമൂഹം അധികൃതര്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു വത്തിക്കാന്‍ അയച്ച കത്തില്‍ ലൂസി മറുപടി നല്‍കുന്നുണ്ട്. തന്റെ കാര്യത്തില്‍ എല്ലാതരത്തിലുള്ള സാമാന്യ നീതിയും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നു പറയുന്ന അപ്പീലില്‍ ഒരു തരത്തിലുമുള്ള സഭാ ചട്ടങ്ങളും താന്‍ ലംഘിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാണിക്കുന്നു.
ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ക്കു വിരുദ്ധമായല്ല തന്റെ പ്രവര്‍ത്തനങ്ങള്‍. ആരുടെയും സമ്മതമില്ലാതെ താന്‍ കവിത പ്രസിദ്ധീകരിക്കുകയല്ല ചെയ്തത്. താന്‍ സഭാപരമായ എല്ലാതരത്തിലുമുള്ള അനുമതികള്‍ ചോദിച്ചിരുന്നു. ഇതു ലഭിക്കാതെ സാമാന്യ നീതി നിഷേധിക്കുന്ന അവസ്ഥയിലാണ് കവിത പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ദൈവദത്തമായി തനിക്കു ലഭിച്ച കഴിവിനെ അനുസരണയുടെ പേരുപറഞ്ഞ് ഇല്ലാതാക്കാനാണു സഭാധികൃതര്‍ ശ്രമിച്ചത്. ഡ്രൈവിങ് പഠിച്ചതിന്റെയും ലൈസന്‍സ് എടുത്തതിന്റെയും പേരില്‍ തനിക്കു നേരേ വാളോങ്ങുന്ന സഭയില്‍ നിരവധി കന്യാസ്ത്രീകള്‍ ഡ്രൈവിങ് പഠിച്ചവരാണെന്നതു മറക്കുകയാണ്.
തന്റെ പ്രവര്‍ത്തനങ്ങളല്ല കേരളത്തിലെ സഭയുടെ സല്‍പ്പേരു കളഞ്ഞുകുളിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെപ്പോലുള്ളവര് ചെയ്ത കാര്യങ്ങളാണ് സഭയുടെ സല്‍പ്പേരു കളങ്കപ്പെടുത്തിയത്. കേരളത്തിലെ സഭ നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ലൂസി അപ്പീലില്‍ ചൂണ്ടിക്കാട്ടി.