scorecardresearch

അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മൂലനം ചെയ്യും: മുഖ്യമന്ത്രി

ഇടതു സർക്കാരുകൾ മുന്നോട്ടുവച്ചത് പുതിയ ബദലാണ്. ഇടതുമുന്നണി സർക്കാർ രാജ്യത്തിന് മാതൃകയായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇടതു സർക്കാരുകൾ മുന്നോട്ടുവച്ചത് പുതിയ ബദലാണ്. ഇടതുമുന്നണി സർക്കാർ രാജ്യത്തിന് മാതൃകയായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

author-image
WebDesk
New Update
Pinarayi Vijayan, Lokayuktha, Kerala News

ഫയല്‍ ചിത്രം

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി ചുമതലയേറ്റ മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കേരള വികസനത്തിൻ്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് അഞ്ചുവർഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാരുകൾ മുന്നോട്ടുവച്ചത് പുതിയ ബദലാണ്. വികസന തുടർച്ചയ്ക്ക് ഭരണത്തുടർച്ച സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സർക്കാർ രാജ്യത്തിന് മാതൃകയായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മുലനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "അഗതിയായ ഓരോ വ്യക്തിയെയും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെയും കണ്ടെത്തി ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കും," മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ സമ്മേളനം24,25 തീയ്യതികളിൽ; പി ടി എ റഹീം പ്രോടേം സ്പീക്കർ

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.

Advertisment


സംസ്ഥാനത്തിന്‍റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.

'ജനങ്ങളുടെ സഹകരണം സര്‍ക്കാരിന് കരുത്തായി'

ജനങ്ങളുടെ സഹകരണം എൽഡിഎഫ് സർക്കാരിന് കരുത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "ജനങ്ങളുടെ സഹകരണമാണ് സര്‍ക്കാരിന്റെ കരുത്തായത്. അതിനിയും തുടരുമെന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ജനങ്ങളോടൊപ്പമാണ്, ജനങ്ങള്‍ക്കുവേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക," മുഖ്യമന്ത്രി പറഞ്ഞു.

"ജനകീയ പങ്കാളിത്തത്തോടെയാണു പ്രളയം ഉള്‍പ്പെടെയുള്ള കഴിഞ്ഞകാലങ്ങളിലെ ഓരോ പ്രതിസന്ധിയെയും കേരളം അതിജീവിച്ചത്. ഇതാണു കേരളത്തിന്റെ അനന്യമായ വികസനക്കുതിപ്പിനു കാരണമായത്. "

"കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനും ജനങ്ങള്‍ പൂര്‍ണ പിന്തുണയാണ് സര്‍ക്കാരിനു നല്‍കിയത്. കോവിഡ് കാലത്ത് കേരളം മാതൃകപരമായി വേറിട്ടുനില്‍ക്കുന്നത് ജനപങ്കാളിത്തമുള്ള ജീവത്തായ പ്രക്രിയായി നാം മാറ്റിയെടുത്തതിലൂടെയാണ്, " മുഖ്യമന്ത്രി പറഞ്ഞു.

ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. അതിനുള്ള കര്‍മപരിപാടിയാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. അവ പൂര്‍ണമായി നടപ്പാക്കും.

സാമഹ്യമേഖലകളിലെ നേട്ടങ്ങളെ ശക്തിപ്പെടുത്തും

"സാമഹ്യമേഖലകളിലെ, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളിലെ നേട്ടങ്ങളെ ശക്തിപ്പെടുത്തും. സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, ലിംഗനീതി, സ്ത്രീ സുരക്ഷ എന്നിവയെയും കൂടുതല്‍ ശാക്തീകരിക്കും. ഇവയെ സമ്പദ്ഘടനയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. കൃഷി, അനുബന്ധമേഖലകള്‍, നൂതന വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വരുമാനോത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തും," മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗം നവീകരിക്കും

ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതികൾക്ക് മുൻഗണന നൽകും. വിദ്യാഭ്യാസ പാർപ്പിട പദ്ധതികൾക്കും ഊന്നൽ നൽകും. ഇത്തരം വികസന കാഴ്ചപ്പാട് സർക്കാർ ഉയർത്തിപ്പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഷികമേഖലയിൽ പുതിയ പദ്ധതികൾ

കാർഷികമേഖലയിൽ ഉല്പാദനക്ഷമത വർധിപ്പിക്കാനുള്ള നടപടികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലസേചന പദ്ധതികൾക്കും മുൻഗണന നൽകും. അഞ്ചുവർഷം കൊണ്ട് നെല്ലിൻ്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും. ഭക്ഷ്യ സംസ്കൃത വ്യവസായങ്ങൾക്കുള്ള സാധ്യത പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഴ വെള്ളം കടലിലേക്ക് ഒഴുകി കളയാതെ സംഭരിക്കുന്ന പദ്ധതി നടപ്പിലാക്കും. കൃഷിക്കാർക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും. കാർഷിക സർവ്വകലാശാലയുടെ ശേഷി പൂർണമായും വിനിയോഗിക്കും. 2025 ഓടെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിടുന്നു. ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളികേര-സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തില്‍ വ്യവസായശാലകളുടെ ശ്രേണി സജ്ജമാക്കും.ശാസ്ത്രീയ കൃഷിരീതികള്‍ ഏറ്റെടുക്കാന്‍ പദ്ധതി തയാറാക്കും. മൂല്യവര്‍ധനവിലും മാര്‍ക്കറ്റിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഭക്ഷ്യസംസ്‌കരണ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കും

പൊതുമേഖലാ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി വകുപ്പിലും നിരവധി പദ്ധതികൾ ആരംഭിക്കും. വ്യവസായ വളർച്ച ഉറപ്പു വരുത്തും. പരമ്പരാഗത വ്യവസായങ്ങൾ നവീകരിക്കും. വ്യവസായ പാർക്കുകളുടെ പൂർത്തീകരണം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി - പാലക്കാട് വ്യവസായ ഇടനാഴി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പിണറായി വിജയന്‍ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തിരുന്നു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Read More: ചരിത്രമെഴുതി രണ്ടാമൂഴം; പിണറായി മന്ത്രിസഭ അധികാരമേറ്റു

സത്യപ്രതിജ്ഞ ചടങ്ങിനുശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചായസല്‍ക്കാരം നല്‍കിയിരുന്നു. ഇതില്‍ പങ്കെടുത്തശേഷമാണു മുഖ്യമന്ത്രി ഓഫീസിലെത്തി ചുമതലയേറ്റത്. തുടര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗം ആരംഭിച്ചു.

ചരിത്രവിജയത്തിനു ശേഷം തുടര്‍ഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ വൈകിട്ട് മൂന്നരയ്ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയ്ക്കും 20 മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്‌മാന്‍, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, പ്രൊഫ. ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന്‍, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവര്‍ പ്രതിജ്ഞ ചെയ്തു.

മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെകെ രാഗേഷ് മുഖ്യമന്ത്രി പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.

99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്. മൂന്ന് വനിതകള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാം പിണറായി മന്ത്രി സഭ. പിണറായി വിജയന്‍, കെ കൃഷ്ണന്‍ കുട്ടി, എകെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ഒഴികെ 17 പേരും പുതുമുഖങ്ങളാണ്. വീണ്ടും അധികാരത്തിലെത്തിയ പിണറായി വിജയി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

Pinarayi Vijayan Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: