തിരുവനന്തപുരം: ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഘടകക്ഷികളുടെ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം അക്ഷരമാല ക്രമത്തിൽ വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവർ പ്രതിജ്ഞ ചെയ്തു.
മുഖ്യമന്ത്രിയെക്കൂടാതെ കെ രാജൻ, എകെ ശശീന്ദ്രൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. റോഷി അഗസ്റ്റിൻ, കെ കൃഷ്ണന്‍ കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 3.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. ഇതിനു മുന്നോടിയായി 54 പ്രശസ്ത ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍ തുടങ്ങിയവർ സംഗീതാവിഷ്‌കാരത്തിന്റെ ഭാഗമായി. അഞ്ച് മണിയോടെയാണ് ചടങ്ങ്പൂർത്തിയായത്. തുടർന്ന് രാജ്ഭവനിൽ ഗവർണറുടെ ചായസൽക്കാരത്തിനുശേഷം മന്ത്രിസഭയുടെ ആദ്യ യോഗം 5.30നു സെക്രട്ടറിയേറ്റിൽ ആരംഭിക്കും. 17 പുതുമുഖങ്ങളടക്കം 21 പേരടങ്ങിയതാണ് മന്ത്രിസഭ.
രാവിലെ ആലപ്പുഴ പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയും സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, നേതാക്കളായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും ഗുരുരത്‌നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
സ്ഥാനമൊഴിയുന്ന മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും അടക്കം നാനൂറിൽ താഴെ ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. ആദ്യം 500 പേരെയാണ് ക്ഷണിച്ചത്. അതിഥികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. പാർടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരേയും പങ്കെടുപ്പിക്കണമോ എന്നത് ആലോചിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കുത്തിരുന്നില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ സാഹചര്യത്തിൽ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് എംഎൽഎമാർ നേരിട്ട് പങ്കെടുക്കില്ലെന്നും വെർച്വലായി ചടങ്ങിന്റെ ഭാഗമാകുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചിരുന്നു.സത്യപ്രതിജ്ഞ ചടങ്ങിനായി ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ക്ഷണമുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
Read Also: സത്യപ്രതിജ്ഞ: അതിഥികളെ പരമാവധി കുറയ്ക്കണം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി
48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്. വേദിയിൽ ഒന്നര മീറ്റർ അകലത്തിലും സദസില് രണ്ടു മീറ്റർ അകാലത്തിലുമാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്.
സംസ്ഥാനനായി വി കെ രാമചന്ദ്രനെ നിയമിച്ചു.
അഡ്വ. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തിന്‍റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.
അടുത്ത അഞ്ച് വർഷംകൊണ്ട് അതിദാരിദ്യം ഉന്മുലനം ചെയ്യുമെന്ന് മുഖ്യമന്ത്രി. “അഗതിയായ ഓരോ വ്യക്തിയെയും ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെയും കണ്ടെത്തി ദാരിദ്ര്യ രേഖയ്ക്ക് മുകളിലെത്തിക്കും,” മുഖ്യമന്ത്രി പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമെന്ന് മുഖ്യമന്ത്രി പുതുതായി ചുമതലയേറ്റ മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിൻ്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് അഞ്ചുവർഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാരുകൾ മുന്നോട്ടുവച്ചത് പുതിയ ബദലാണ്. വികസന തുടർച്ചയ്ക്ക് ഭരണത്തുടർച്ച സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
Read More: വികസന തുടർച്ചയ്ക്ക് ഭരണത്തുടർച്ച സഹായകമാകും; ഇത് സമുജ്വലമായ പുതിയതുടക്കം: മുഖ്യമന്ത്രി
പുതുതായി സ്ഥാനമേറ്റ എൽഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിൽ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പിണറായി വിജയന്‍ ഓഫീസിലെത്തി മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് അധികാരമേറ്റ എൽഡിഎഫ് മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം അർപ്പിച്ചു
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.— Narendra Modi (@narendramodi) May 20, 2021
സത്യപ്രതിജ്ഞാചടങ്ങിന് ശേഷം മന്ത്രിമാർ അഭിവാദ്യം അർപ്പിക്കുന്നു. ഫൊട്ടോ: പിആർഡി

സത്യപ്രതിജ്ഞയ്ക്ക് ശേഷം എൽഡിഎഫ് മന്ത്രിമാർ സത്യപ്രതിജ്ഞാ വേദിയിൽ.

പുതിയ എൽഡിഎഫ് സർക്കാരിലെ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും ഗവർണറും സത്യപ്രതിജ്ഞാ വേദിയിൽ
രണ്ടാം പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു,ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവർ തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.





മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രിക്ക് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു,ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ, അഡ്വ. പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ എന്നിവരാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്.





മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 11 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രിക്ക് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മാൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, പ്രൊഫസർ ആർ ബിന്ദു എന്നിവരാണ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തത്.





താനൂരിൽനിന്ന് തുടർച്ചയായി രണ്ടാം വട്ടം നിയമസഭയിലെത്തുന്ന വി അബ്ദുറഹിമാൻ ആദ്യമായാണ് മന്ത്രിയാകുന്നത്. കോണ്‍ഗ്രസ് വിട്ട് വന്ന് സി പി എം സ്വതന്ത്രനായി മത്സരിച്ചാണ് അബ്ദുറഹിമാന്റെ വിജയം. ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്

തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. ആന്റണി രാജു ആദ്യമായാണു മന്ത്രിയാകുന്നത്. എല്‍ഡിഎഫ് തീരുമാനപ്രകാരം ആദ്യ രണ്ടര വര്‍ഷമാണ് അദ്ദേഹം മന്ത്രി സ്ഥാനം വഹിക്കുക. തുടര്‍ന്ന് ഗണേഷ് കുമാറിന് ഊഴം ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നു വിജയിച്ച ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർകോവിൽ പ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ പുതമുഖങ്ങളിലൊന്നായ ഇദ്ദേഹം എൽഡിഎഫിലെ വകുപ്പ് വിഭജന തീരുമാന പ്രകരാം ആദ്യ രണ്ടര വർഷമാണ് മന്ത്രിസ്ഥാനം വഹിക്കുക.


മുഖ്യമന്ത്രി പിണറായി വിജയന് പിറകെ മന്ത്രിമാരായ കെ രാജൻ , റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു,
മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നു. ദൃഢപ്രതിജ്ഞയാണ് മുഖ്യമന്ത്രി ചെയ്തത്. നീതി ചെയ്യുമെന്ന് സഗൗരവം പ്രതിജ്ഞ ചെയ്യുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിജ്ഞ ചെയ്തത്.


ചരിത്രവിജയത്തിനു ശേഷം തുടർഭരണത്തിലേക്കു കടക്കുന്ന രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു

ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു

സത്യപ്രതിജ്ഞാ വേദിയിലെത്തിയ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ എംഎൽഎമാർ, മുൻ മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, സാമുദായിക നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരെ അഭിവാദ്യം ചെയ്തു. ഓരോ വരികളിലൂടെയും നടന്ന് നേതാക്കളെ കണ്ട് കൈകൂപ്പിയും കൈവീശിയും അഭിവാദ്യം ചെയ്താണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് നടന്നു നീങ്ങിയത്.

