/indian-express-malayalam/media/media_files/uploads/2019/06/rajkumar-cats.jpg)
തൊടുപുഴ: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് ഏൽക്കേണ്ടി വന്നത് ക്രൂര മർദനങ്ങളെന്ന് വെളിപ്പെടുത്തൽ. രാജ്കുമാറിന്റെ സഹതടവുകാരനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. രാജ്കുമാര്‍ മൂന്ന് ദിവസം വെളളം കുടിച്ചില്ലെന്നും നെഞ്ച് വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി.
'രാജ്കുമാറിനെ ജയിലിലേക്ക് എത്തിച്ചത് സ്ട്രെച്ചറിലാണ്. അപ്പോൾ തന്നെ തീർത്തും അവശ നിലയിലായിരുന്നു. എന്നാൽ ഇവിടെ എത്തിച്ചതിനു ശേഷം ജയിൽ ഉദ്യോഗസ്ഥരും അദ്ദേഹത്തെ മർദിച്ചു. മൂന്ന് ദിവസം രാജ്കുമാർ വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നൽകിയില്ല. മരിച്ചതിനു ശേഷം മാത്രമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും സഹതടവുകാരന്‍ വെളിപ്പെടുത്തി.
സംഭവത്തിൽ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read More: രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ; ക്രൂര മര്‍ദനത്തിന് ഇരയായെന്നും റിപ്പോര്‍ട്ട്
അതേസമയം, സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഒരു എസ്‌പി അടങ്ങുന്നതാണ് അന്വേഷണസംഘം. ആവശ്യമെങ്കിൽ പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് ഡിജിപി അനുവാദം നൽകി.
ഇന്ന് നെടുങ്കണ്ടം സ്റ്റേഷനിലെത്തി സംഘം തെളിവെടുപ്പ് ആരംഭിക്കും. മരിച്ച രാജ്കുമാറിന്റെ സ്ഥാപനമായ തൂക്കുപാലത്തെ ഹരിത ഫിനാൻസിയേഴ്‌സിലും, പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ പ്രതിയുടെ വീട്ടിൽ എത്തി തൊടുപുഴ ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.