ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ന്യുമോണിയ ആണ് രാജ്കുമാറിന്റെ മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ന്യുമോണിയയിലേക്ക് നയിച്ചത് ക്രൂര മര്‍ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തീയതിയെന്ന പൊലീസ് വാദം തള്ളി ദൃക്‌സാക്ഷി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി സസ്‍പെന്‍ഡ് ചെയ്തു

മര്‍ദനത്തില്‍ രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ മരണത്തിനു കാരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്. ഇരു കാലുകള്‍ക്കും സാരമായ പരുക്കുകള്‍ ഉണ്ട്. കാലില്‍ തൊലി അടര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

Read Also: ‘വിധി വൈപരീത്യം’; പൊലീസ് മര്‍ദനത്തില്‍ മറുപടി പറയേണ്ടി വന്നതിനെ കുറിച്ച് മുഖ്യമന്ത്രി

പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷിയായ ആലിസ് പറഞ്ഞിട്ടുണ്ട്. പതിനാറാം തീയതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ മോശമായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അഴസ്ഥയല്ലെന്ന് പറഞ്ഞിട്ടും ആശുപത്രിയില്‍ നിന്ന് പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍ പറഞ്ഞു. ജയിലില്‍ എത്തിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്കുമാര്‍ എന്ന് സബ് ജയില്‍ സൂപ്രണ്ട് ജി.അനില്‍ കുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. റൈറ്റർ -റോയ് പി.വർഗീസ്, അസി. റൈറ്റർ ശ്യാം, സീനിയർ സി.പി.ഒമാരായ -സന്തോഷ്‌, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി.

സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ പത്ത് പൊലീസുകാർക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. നെടുങ്കണ്ടം എസ്‌ഐ ഉൾപ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും സിഐ അടക്കം ആറുപേരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയുമാണ് ചെയ്തത്. പ്രതി വാഗമൺ സ്വദേശി രാജ്കുമാർ മരിച്ചത് കസ്റ്റഡി മർദനം കാരണമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.