/indian-express-malayalam/media/media_files/uploads/2023/04/K-Sudhakaran.jpg)
Photo: Facebook/ K Sudhakaran
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരണവീടുപോലെ ശോകമൂകമായ കേരളത്തില്‍ നൂറുകോടിയോളം രൂപ മുടക്കി പിണറായി സര്‍ക്കാര്‍ നടത്തുന്ന വാര്‍ഷികാഘോഷം അങ്ങേയറ്റം നെറികേടാണെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും അഴിമതി കൊടികുത്തി വാഴുകയും മുഖ്യമന്ത്രി തന്നെ അതിന്റെ ആചാര്യനായി മാറുകയും ചെയ്ത അതീവ ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 20, കേരളത്തിന് ദുരന്ത ദിനമാണെന്നും കെപിസിസി അധ്യക്ഷന്‍ പരിഹസിച്ചു.
രണ്ടു വര്‍ഷം മാത്രം പ്രായമുള്ള തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍, രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ തുടങ്ങിയ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണഞ്ചുന്ന പ്രകടനം നടത്തിയപ്പോള്‍, പിണറായി സര്‍ക്കാര്‍ കണ്ണഞ്ചുന്ന അഴിമതികള്‍ നടത്തിയെന്നായിരുന്നു സുധാകരന്റെ ആരോപണം.
തമിഴ്നാട്ടില്‍ രണ്ട് വര്‍ഷം കൊണ്ട് 222 ധാരാണപത്രം ഒപ്പിട്ട് 2,72,322 കോടി രൂപയുടെ വ്യവസായമെത്തുകയും 4.09 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുകയും ചെയ്തു. സംരംഭകരെ കൊലയ്ക്കു കൊടുക്കുകയും നാടുകടത്തുകയും ചെയ്യുന്ന കേരളത്തിലെ കാരണഭൂതന്മാര്‍ തൊഴില്‍ നല്കാതെയും ഉള്ള തൊഴിലുകള്‍ പാര്‍ട്ടിക്കാര്‍ക്ക് നല്‍കിയും ലക്ഷക്കണക്കിന് യുവാക്കളെ ആട്ടിയോടിച്ച് കേരളത്തെ വൃദ്ധസദനമാക്കി.
തമിഴ്നാട്ടില്‍ മാസംതോറും വനിതകള്‍ക്ക് 1000 രൂപ ധനസഹായവും സൗജന്യയാത്രയും 47,034 കോടി രൂപ ബാങ്ക് വായ്പയും നല്‍കുമ്പോള്‍, ഇവിടെ ക്ഷേമപെന്‍ഷന്‍പോലും നല്കുന്നില്ല. രാജസ്ഥാനില്‍ ആരോഗ്യത്തിനുള്ള അവകാശം നടപ്പാക്കിയ അശോക് ഗെലോട്ട് സര്‍ക്കാര്‍ 25 ലക്ഷം രൂപവരെയുള്ള എല്ലാ ചികിത്സകളും സൗജന്യമാക്കിയെന്നും സുധാകരന്‍ ചൂണ്ടിക്കാണിച്ചു.
നികുതി ഭാരംകൊണ്ട് നടുവൊടിഞ്ഞ അവസ്ഥയിലാണ് സാധാരണജനങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇമ്പമുള്ള ഉപദേശം നല്കുന്ന മുഖ്യമന്ത്രിക്ക് അവര്‍ക്ക് നല്കാനുള്ള 20,000 കോടി കോടി രൂപയുടെ ശമ്പള, പെന്‍ഷന്‍ കുടിശികയേക്കുറിച്ച് മിണ്ടാട്ടമില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ തുടങ്ങിയ വമ്പന്‍ പദ്ധതികളുമായി മുന്നേറിയപ്പോള്‍ പിണറായി സര്‍ക്കാരിന് എടുത്ത പറയാവുന്ന ഒരു ചെറിയ പദ്ധതിപോലും സ്വന്തമായില്ല. ദേശീയപാതാ വികസനം, ഗെയില്‍ പദ്ധതി തുടങ്ങിയവ സിപിഎം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തെ മറികടന്നും യുഡിഎഫ് മുന്നോട്ടുകൊണ്ടുപോയി.
യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചിരുന്നെങ്കില്‍ വിഴിഞ്ഞം പദ്ധതി പണ്ടേ സാക്ഷാത്കരിക്കുമായിരുന്നു. മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ നൂറു കണക്കിന് ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി പഴയപടി ആക്കുമെന്ന വാഗ്ദാനം പിണറായി മറന്നെങ്കിലും രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും സുധാകരന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.