തൃശൂര്‍. പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. തൃശൂര്‍ മരച്ചോട്ടില്‍ സ്വദേശിയായ ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ചായക്കടയില്‍ എത്തിയ ഏലിയാസിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയത്ത് ഏലിയാസ് ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പൊട്ടിത്തെറിക്ക് പിന്നാലെ ഏലിയാസിന്റെ ഷര്‍ട്ടിനും തീ പിടിച്ചു.
ഈ മാസം ആദ്യം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോടുള്ള യുവാവിന് പരുക്കേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ജീന്‍സിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററിയുടെ ഭാഗം ശരീരത്തോട് ചേര്‍ന്നായിരുന്നില്ല കിടന്നിരുന്നത്. അതിനാല്‍ തന്നെ കാര്യമായ പരുക്കുകള്‍ ഹാരിസിന് സംഭവിച്ചില്ല.
ഏപ്രിലില്‍ തൃശൂരിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം പട്ടിപ്പറമ്പ് മാരിയമ്മൻകോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക്‌കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്.
തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ. കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്ന മുത്തശി പറഞ്ഞത്.
കുട്ടി ഉപയോഗിച്ചിരുന്നത് മൂന്നുവർഷത്തിലധികം പഴക്കമുള്ള ഫോണായിരുന്നു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നായിരുന്നു നിഗമനം.