/indian-express-malayalam/media/media_files/uploads/2021/12/k-v-kunhiraman.jpg)
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ ഉദുമ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ പ്രതിചേർത്തതായി സിബിഐ. കുഞ്ഞിരാമനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം ചെയ്തതായി സിബിഐ വ്യക്തമാക്കി.
കേസിൽ പുതുതായി 10 പേരെ കൂടി പ്രതിചേർത്തതായാണ് സിബിഐ കോടതിയെ അറിയിച്ചത്. ഇതോടെ ആകെ പ്രതികളുടെ എണ്ണം 24 ആയി. ഇരുപത്തി ഒന്നാം പ്രതിയാണ് കെ.വി. കുഞ്ഞിരാമൻ.
അതേസമയം, ഇന്നലെ അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും കോടതി റിമാൻഡ് ചെയ്തു. അഞ്ചുപേർക്കും കൊലപാതകത്തിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഡിവൈഎസ്‌പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫിസില്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാസര്‍ഗോഡ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല്‍ (24) എന്നിവർ 2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരായിരുന്നു പ്രതികള്‍. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികളെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ആദ്യം അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പിറ്റേ ദിവസം സജി സി.ജോര്‍ജ് എന്നയാളും അറസ്റ്റിലായി. 2019 ഫെബ്രുവരി 21നാണു കേസ് ക്രൈംബാഞ്ചിനു വിട്ടത്. തുടര്‍ന്ന് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. പിന്നീട് ഏരിയ സെക്രട്ടറിയെയും ലോക്കല്‍ സെക്രട്ടറിയും അറസ്റ്റ് ചെയ്ത ക്രൈംബാഞ്ച് മേയ് 20നു ഹൊസ് ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയിലേക്കു ജൂലൈ 17നു മാറ്റി.
Also Read: മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നു; മുന്നറിയിപ്പില്ലാതെയെന്ന് പരാതി, പ്രതിഷേധം
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യത്തില്‍ 2019 സെപ്റ്റംബര്‍ 30നാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി റദ്ദാക്കി. തുടര്‍ന്ന് ഒക്ടോബര്‍ 24നാണു സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം സിബിഐക്കു വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചില്ല. കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ചിന്റെ വിധി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ ഹര്‍ജി കൂടി കേട്ടുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.