scorecardresearch
Latest News

മുല്ലപ്പെരിയാറിൽ പ്രതിഷേധം ശക്തം; തുറന്ന ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു

വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് തമിഴ്‌നാടിനെ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

Mullaperiyar Dam, മുല്ലപ്പെരിയാര്‍ ഡാം, Mullaperiyar Dam Water Level, Mullaperiyar Dam News, Mullaperiyar Dam Latest, Mullaperiyar Dam History, Decommission Mullaperiyar Dam, Kerala News, IE Malayalam, ഐഇ മലയാളം
Photo: Screen Grab

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നതിൽ പ്രതിഷേധം ശക്തം. സിപിഎമ്മും കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ സിപിഎമ്മിന്റെ നേതൃത്വത്തിൽ വള്ളക്കടവിൽ പ്രതിഷേധ പ്രകടനവും വഴിതടയലും നടന്നു. കക്കികവലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.

മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിയത് ഗൗരവകരമായ കാര്യമാണെന്നും തമിഴ്നാട് റൂൾ കർവ് പാലിച്ചില്ലെന്നും ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് തമിഴ്‌നാടിനെ പ്രതിഷേധമറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ അർധ രാത്രിയാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത്. പത്ത് സ്പിൽവേ ഷട്ടറുകളാണ് 60 സെന്റിമീറ്റർ വീതം തുറന്നത്. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് ഒഴുക്കിവിട്ടത്. ഈ വർഷം ആദ്യമായാണ് ഇത്രയും ഷട്ടറുകൾ ഒരുമിച്ച് തുറക്കുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇത്രയും ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പെരിയാറിൽ ജലനിരപ്പ് ഉയർന്ന് പലയിടങ്ങളിലും വെള്ളം കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വള്ളക്കടവിലും കടശ്ശിക്കാട് ആറ്റോരം മഞ്ചുമല ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി. ഇതോടെ വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധം നടത്തി.

പ്രതിഷേധത്തിനു പിന്നാലെ പുലർച്ചെ 4.30 ഓടെ തമിഴ്‌നാട് ഷട്ടറുകൾ പകുതി താഴ്ത്തി. രാവിലെയോടെ പത്ത് ഷട്ടറുകളിൽ എട്ടെണ്ണവും അടച്ചു. ജലനിരപ്പ് 142 അടിയിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് ഷട്ടറുകൾ തുറന്നത്. നിലവിൽ രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയാണ് അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ ഉയർത്തിയത് ധിക്കാരപരമായ നടപടിയാണെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പ്രതികരിച്ചു. 11 മണിക്ക് സർവകക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേ​ഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയും മുന്നറിയിപ്പില്ലാതെ അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കി വിട്ടിരുന്നു. അത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് നിർദേശം നൽകണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. എന്നാൽ വീണ്ടും രാത്രി മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mullaperiyar dam shutters opened without warning protest