/indian-express-malayalam/media/media_files/uploads/2021/05/pc-chacko-invited-lathika-subhash-to-ncp-503351-FI.jpg)
കോട്ടയം: മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കും. എന്‍സിപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പിസി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
"പിസി ചാക്കോയുമായി ചര്‍ച്ച നടത്തിയിരുന്നു. ഞാന്‍ ചെറിയ പ്രായം മുതൽ കാണുന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം. അത്തരം ചർച്ചകൾ ആലോചിച്ച് വരികയാണ്. വൈകാതെ തന്നെ നിലപാട് വ്യക്തമാക്കും," ലതിക സുഭാഷ് പറഞ്ഞു
"കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ കഴിയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ തന്നെ തീരുമാനം മാധ്യമങ്ങളെ അറിയിക്കും," അവര്‍ കൂട്ടിച്ചേര്‍ത്തു.
വിഡി സതീശന്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിയത് നേട്ടമുണ്ടാക്കിയോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഗ്രൂപ്പ് തര്‍ക്കം മൂലമാണ് വിഎം സുധീരന്‍ സ്ഥാനമൊഴിഞ്ഞതെന്നും ലതിക ചൂണ്ടിക്കാണിച്ചു. ലതിക സുഭാഷിന് പുറമെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് എന്‍സിപി വൃത്തങ്ങള്‍ അറിയിച്ചു.
Also Read: തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ലതിക സുഭാഷ്; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു
ലതികാ സുഭാഷിനെ എൻസിപിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന നേതാവും വനം വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രന്‍ പറഞ്ഞു. കോൺഗ്രസിൻ്റെ പാരമ്പര്യവും സംസ്ക്കാരവും ഉയർത്തിപ്പിടിക്കുന്ന എൻ.സി.പി.യിലേക്ക് നേതാക്കൾ മാത്രമല്ല പ്രവർത്തകരും കടന്നു വരുന്നുണ്ട്. ആത്മാവ് നഷ്ടപ്പെട്ട കോൺഗ്രസിൽ നിന്നും എൻ.സി.പിയിലേക്ക് കടന്നു വരുന്ന എല്ലാവർക്കും അർഹമായ അംഗീകാരവും പരിഗണനയും എന്നും ഉണ്ടായിരിക്കുന്നതാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും തോറ്റു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.