നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിറകെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ലതിക സുഭാഷ്. അവഗണനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലളിത സുഭാഷ് രാജിവച്ചു. ഇന്ദിരാഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് ശക്തമായ പ്രതിഷേധം ലതിക സുഭാഷ് അറിയിക്കുകയും ചെയ്തു. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു ലതിക സുഭാഷ് പ്രതിഷേധമറിയിച്ചത്.

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പരിഗണിച്ചത് പോലെ വനിതകളെയും പരിഗണിക്കണമെന്നും താൻ തിരുത്തൽ ശക്തിയായി തുടരുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയിൽ ഒരു വനിതയ്ക്ക് എങ്കിലും കോൺഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാർട്ടിക്ക് നൽകാനുള്ളതെന്നും അവർ ചോദിച്ചു.
അതേസമയം ഏറ്റുമാനൂർ സീറ്റ് ആണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നൽകാൻ തീരുമാനിച്ചതിനാലാണ് അവർക്ക് സീറ്റ് നൽകാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിൻ മണ്ഡലത്തിൽ പരിഗണിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് പട്ടിക വന്നപ്പോൾ ദീപക് ജോയിയാണ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായത്.
അതേസമയം കെഎസ്യു, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിനും സീറ്റ് നൽകിയപ്പോൾ മഹിള കോൺഗ്രസ്സ് അദ്ധ്യക്ഷയെ പരിഗണിക്കാത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന ഒരു ചാനൽ ചർച്ചയിൽ ലതിക സുഭാഷ് അഭിപ്രായപ്പെട്ടു.
“മഹിള കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാനത്തെ വനിതാ നേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇത്തരത്തിൽ കഴിവ് തെളിയിച്ച വനിതകളുടെ 21 പേരുടെ ലിസ്റ്റും, പിന്നീട് 27 പേരുടെ ലിസ്റ്റും കോൺഗ്രസ് നേതൃത്വത്തിന് അയച്ചു. അതിൽ ചില പേരുകൾ വന്നിട്ടുണ്ട്. എന്നാൽ അതിൽ പല പേരുകളും പരിഗണിച്ചിട്ടില്ല,” ലതിക സുഭാഷ് പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നിരവധി വനിതകളെ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്നും അവർ പറഞ്ഞു.