/indian-express-malayalam/media/media_files/ZB0gxsZE9hHXS45UeyuJ.jpg)
പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും
ന്യൂഡൽഹി:പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഡോക്ടർ ബി ആർ അംബേദ്കറിനെതിരായ പരാമർശത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധങ്ങൾ ഇന്നും ഉണ്ടാകും. എന്നാൽ പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിലുള്ള പ്രതിഷേധത്തിന് സ്പീക്കർ ഓം ബിർള വിലക്ക് ഏർപ്പെടുത്തി. പ്രവേശനകവാടങ്ങളിൽ തടസമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികൾ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കർ എം പിമാർക്ക് നിർദേശം നൽകി. രാവിലെ പത്തരയ്ക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. അതിന് മുന്നോടിയായി കോൺഗ്രസ് എംപിമാരുടെ യോഗവും നടക്കും.
ആഭ്യന്തരമന്ത്രിയുടെ വിവാദ പരാമർശത്തിനൊപ്പം, രാഹുൽഗാന്ധിക്കെതിരായ കേസ് ഉന്നയിച്ചും രാജ്യവ്യാപകമായി പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ രാഹുലിനെതിരെ ബിജെപി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പരാതി നൽകിയത്. രാഹുൽഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ബിജെപിയുടെ നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫോങ്‌നോൻ കോന്യാകും രംഗത്തെത്തിയിരുന്നു.
രാജ്യ വ്യാപക പ്രതിഷേധത്തിനൊപ്പം പോലീസിൽ മറ്റൊരു പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോൺഗ്രസും കടക്കുകയാണ്. ബിജെപി അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയിൽ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.
സംഘർഷങ്ങൾക്കിടെ പരുക്കേറ്റ് രണ്ട് ബിജെപി എംപിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി തള്ളിയതാണെന്നാണ് ബിജെപിയുടെ ആരോപണം. പരുക്കേറ്റെന്ന് ബിജെപി പറയുന്ന എംപിമാരായ മുകേഷ് രജ്പുതിനേയും പ്രതാപ് സാരംഗിയേയുമാണ് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
Read More
- പരീക്ഷാഫലം പുറത്തുവന്ന സംഭവം; കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ
- ന്യൂനമർദ്ദം: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ക്രിസ്മസ് പ്രമാണിച്ച് ക്ഷേമനിധി പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; തിങ്കളാഴ്ച മുതൽ വിതരണം
- അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം; മകൻ അറസ്റ്റിൽ
- ശശീന്ദ്രൻ തുടരട്ടെ; എൻസിപിയിൽ മന്ത്രിമാറ്റം വേണ്ടെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.