/indian-express-malayalam/media/media_files/uploads/2020/07/padmanabha-swamy-temple-case-royal-family-response-394481-1.jpg)
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന് തിരുവിതാകൂര്‍ രാജകുടുംബത്തിന് അധികാരം നൽകിക്കൊണ്ടുളള സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി. വിധിയുടെ വിശദാംശങ്ങൾ മുഴുവൻ അറിഞ്ഞിട്ടില്ല, നിയമ വിദഗ്‌ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും അവര്‍ അറിയിച്ചു.
സന്തോഷം മാത്രമാണ് ഇപ്പോൾ തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നുവെന്നായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ പ്രതികരണം. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. ശബരിമലയിലും അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്ന് കൊട്ടാരം വ്യക്തമാക്കി.
ഇന്നത്തെ സുപ്രീം കോടതി വിധി രാജകുടുംബത്തിന്റെ വിജയമെന്നു കരുതരുത്. പത്മനാഭ സ്വാമിയുടെ എല്ലാ ഭക്തന്മാർക്കും ഭഗവാൻ നൽകിയ അനുഗ്രഹമായിട്ടേ ഞങ്ങൾ കാണുന്നുളളൂ. ഞങ്ങളോടൊപ്പം ഇത്രയും വർഷം വേദനിച്ച, കാത്തിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായ് പറഞ്ഞു.
തന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവയ്ക്കുന്ന വിധിയാണെന്നായിരുന്നു മുൻ സിഎജി വിനോദ് റായിയുടെ പ്രതികരണം. സുതാര്യമായ ഭരണം ഉറപ്പുവരുത്തുന്നതാണ് കോടതി വിധി. ഭരണ, സാമ്പത്തിക വിദഗ്‌ധരുളളതിനാൽ മേൽനോട്ടത്തിലും മികവുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വരവു ചെലവ് കണക്കുകളും ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ ഓഡിറ്റിങ്ങും നടത്തിയത് വിനോദ് റായി ആയിരുന്നു. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്തതില്‍ വലിയ ക്രമക്കേട് നടന്നുവെന്ന് വിനോദ് റായി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Read Also: പദ്മനാഭസ്വാമി ക്ഷേത്രഭരണത്തിന് രാജകുടുംബത്തിന് അധികാരം: സുപ്രീം കോടതി
അതിനിടെ, സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകില്ല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പിലാക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രഭരണത്തിന് രാജകുടുംബത്തിന് അധികാരം നൽകിക്കൊണ്ടുളള വിധി സുപ്രീം കോടതി ഇന്നാണ് പുറപ്പെടുവിച്ചത്. ക്ഷേത്രഭരണ മേല്‍നോട്ടത്തിനായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കീഴിലുള്ള സമിതിക്ക് കോടതി അംഗീകാരം നല്‍കി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us