ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നടത്തിപ്പിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം ശരിവച്ച് സുപ്രീം കോടതി വിധി. ക്ഷേത്രഭരണ മേല്‍നോട്ടത്തിനായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ കീഴിലുള്ള താൽക്കാലിക സമിതി രൂപീകരിക്കാൻ കോടതി അനുമതി നല്കി. ബി നിലവറ തുറക്കുന്ന കാര്യം സമിതിയുടെ തീരുമാനത്തിനു വിട്ടു.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Read in IE: SC upholds right of Travancore royal family in administration of Kerala’s Padmanabhaswamy Temple
Sri Padmanabha Swamy Temple Management Dispute
സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ക്ഷേത്രഭരണവും പരിപാലനവും സംബന്ധിച്ച തര്‍ക്കം കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയായിരുന്നു. കേസിൽ 2019 ഏപ്രിൽ 10ന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിന് ക്ഷേത്രഭരണ കാര്യത്തിൽ അവകാശമില്ലെന്നും ഇതിനായി സർക്കാർ മുൻകൈ എടുത്ത് ട്രസ്റ്റ് രൂപീകരിക്കണമെന്നും 2011ൽ കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു.ഈ വിധിന്യായത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഇന്നത്തെ വിധി. നിലവിൽ, സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കീഴിലാണ് ക്ഷേത്രഭരണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ജസ്റ്റിസുമാരായ സി.എൻ.രാമചന്ദ്രൻ, കെ.സുരേന്ദ്ര മോഹൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറക്കണം, മുഴുവൻ രേഖകളുടെയും പട്ടിക തയാറാക്കണം, മ്യൂസിയം സ്ഥാപിക്കണം, നിധികള്‍ പൊതുജനങ്ങൾക്കും ഭക്തർക്കും വിനോദസഞ്ചാരികൾക്കുമായി പ്രദർശിപ്പിക്കണം, എന്നീ കാര്യങ്ങൾ വിധിന്യായത്തിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി വിധി 2011 മേയ് രണ്ടിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക, വിവരം കോടതിക്ക് നൽകുക, ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസ് സംവിധാനം ഏർപ്പാടുക്കുക ചില നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
Also Read: വിധിയിൽ സന്തോഷമുണ്ടെന്ന് രാജകുടുംബം; റിവ്യൂ ഹർജി നൽകില്ലെന്ന് സർക്കാർ
മുൻപ് ഉണ്ടായിരുന്ന നിരീക്ഷണ സമിതി ഒഴിവാക്കിയ സുപ്രീം കോടതി അഞ്ചംഗ വിദ്ഗധ സമിതി രൂപീകരിച്ചു. ഈ സമിതിക്ക് മുകളിൽ മൂന്നംഗ മേൽനോട്ട സമിതിയും ഉണ്ടാക്കി. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. ഗോപാൽ സുബ്രഹ്മണ്യം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്ര പരിപാലനത്തിനായി ചെലവഴിച്ച തുക ഉൾപ്പെടെയുള്ള രേഖകൾ ഓഡിറ്റ് ചെയ്യാൻ മുൻ സിഎജി വിനോദ് റായിയെയും കോടതി നിയോഗിച്ചു.
എന്നാൽ, 1991 ല്‍ തിരുവിതാംകൂറിലെ അവസാന ഭരണാധികാരിയുടെ മരണത്തോടെ കുടുംബത്തിന്റെ അവകാശങ്ങള്‍ ഇല്ലാതായെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനെ മറികടക്കുന്നതാണ് സുപ്രീം കോടതി വിധി. അവസാന ഭരണാധികാരിയുടെ മരണം, അനന്തരവകാശികള്‍ ഇല്ലാതെ സ്വത്തുക്കള്‍ സര്‍ക്കാരില്‍ നിക്ഷ്പിതമാകുന്നതില് പ്രതിഫലിക്കുകയില്ല. വിഗ്രഹത്തിനു മേലുള്ള കുടുംബത്തിന്റെ അവകാശത്തെ മരണം ബാധിക്കില്ല. ആചാരപ്രകാരം അവ നിലനില്‍ക്കുമെന്നും കോടതി വിധിച്ചു.
ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്രഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്രത്തിന്റെ അടിത്തറയിലെ രഹസ്യ നിലവറകളില്‍നിന്ന് നാല് വര്‍ഷം മുമ്പ് കോടിക്കണക്കിന് രൂപയുടെ നിധികള്‍ കണ്ടെത്തിയ സംഭവം രാജ്യാന്തരതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.അഞ്ച് നിലവറകള്‍ തുറന്നതിനെത്തുടര്‍ന്ന് 2011 ല്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ആഭരണങ്ങള്‍, ആഭരണങ്ങള്‍, വിഗ്രഹങ്ങള്‍ മുതലായവയാണ് വെളിപ്പെട്ടത്. ദിവ്യകോപമുണ്ടാകുന്നെു ചൂണ്ടിക്കാട്ടിയുള്ള രാജകുടുംബത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബി നിലവറ തുറക്കാതിരുന്നത്.
Read in IE: Explained: The Padmanabhaswamy temple case and what verdict means for Travancore royal family
ഗ്രാനൈറ്റ് വാസ്തുവിദ്യകളുടെ വിസ്മയകേന്ദ്രമായ വിശാലമായ ക്ഷേത്രം പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് ഇന്നത്തെ രൂപത്തില്‍ പുനര്‍നിര്‍മിച്ചത്. രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷവും ക്ഷേത്രം ഭരിക്കുന്നത്.
തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യവും ഇന്ത്യാ സര്‍ക്കാരും തമ്മിലുള്ള 1949ലെ ഉടമ്പടി അനുസരിച്ചാണ് ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു ലഭിച്ചത്. പിന്നീട്, തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മത സ്ഥാപന നിയമത്തിലെ സെക്ഷന്‍ 18 (2) പ്രകാരം ക്ഷേത്ര നടത്തിപ്പ് ട്രസ്റ്റില്‍ തുടര്‍ന്നു. തിരുവിതാംകൂറിലെ അവസാന ഭരണാധികാരി 1991 ജൂലൈ 20നു മരിക്കുന്നതുവരെ, ടിസി നിയമത്തിലെ സെക്ഷന്‍ 18 (2) പ്രകാരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹത്തിനുള്ള അധികാരങ്ങള്‍ തുടര്‍ന്നു.