/indian-express-malayalam/media/media_files/uploads/2019/09/Ramesh-Chennithala-and-Oomman-Chandy.jpg)
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയേയും പരിഗണിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണെന്നും കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണക്കുന്നവര്‍ മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വെച്ചത് പോലെ ഇത്തവണ ആവര്‍ത്തിക്കരുതെന്നും മുരളീധരന്‍ എംപി നിര്‍ദേശിച്ചു. താഴെ തട്ടില്‍ പാര്‍ട്ടിക്ക് ചലനമുണ്ടാക്കാനായില്ല, ക്രൈസ്തവ നേതാക്കളുമായി ഹൃദയം തുറന്ന് ചര്‍ച്ച വേണമെന്നും മുരളീധരന്‍ പറഞ്ഞു.
വടകരയ്ക്ക് പുറത്ത് പ്രചരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫയര്‍ ബന്ധം കൂട്ടായി ചര്‍ച്ച നടത്തി തീരുമാനിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടായ ധാരണയെ എല്‍ഡിഎഫ് വര്‍ഗീയമായി പ്രചരിപ്പിക്കുകയും അതേസമയം എസ്ഡിപിഐയുടെ അടക്കം വോട്ടുകള്‍ അവര്‍ വാങ്ങിയെടുത്തെന്നും മുരളീധരന്‍ പറഞ്ഞു.
Read More: കരിപ്പൂരിലെ സിബിഐ റെയ്ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി
ലൈഫ് പദ്ധതിയിക്കെതിരായ യുഡിഎഫിലെ ചില നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ലൈഫിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നതിന് പകരം അധികാരത്തിലെത്തിയാല്‍ ലൈഫ് പദ്ധതി നിര്‍ത്തലാക്കുമെന്ന തരത്തിലുള്ള ചില പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.
"ലൈഫ് എന്ന തീമിനോടല്ല ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഒന്ന് ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തുകളുടെ റോളുകള്‍ വളരെ കുറവായിരുന്നു. രണ്ട് അതിലെ അഴിമതി. അതാണ് വടക്കാഞ്ചേരി പ്രൊജക്ടിലെ അഴിമതി. അല്ലാതെ ലൈഫ് എന്ന പദ്ധതിയെ മൊത്തത്തില്‍ ഒരിക്കലും യു.ഡി.എഫ് തള്ളിപ്പറഞ്ഞിട്ടില്ല.
എന്നാല്‍ യുഡിഎഫിന്റെ ചില നേതാക്കളുടെ പ്രസ്താവനകള്‍, അതായത് ഞങ്ങള്‍ വന്നാല്‍ ലൈഫ് നിര്‍ത്തും എന്നൊക്കെയുള്ളത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സത്യത്തില്‍ യുഡിഎഫ് ഉദ്ദേശിച്ചത് അതിലെ അഴിമതിയാണ്. ലൈഫിലെ അഴിമതിയാണ് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അതിലെ നല്ല വശങ്ങള്‍ സ്വീകരിക്കുക, ദോഷവശങ്ങള്‍ തള്ളിക്കളയുക അതാണ് യുഡിഎഫിന്റെ നയം. എന്നാല്‍ അതിന് സാധിച്ചില്ല. അതാണ് ഒന്നാമത്തെ തെറ്റ്," മുരളീധരന്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുന്നത് എംഎല്‍എമാരാണെന്നും അവര്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് മുന്‍കൈ എടുക്കുമെന്നും എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് അടിച്ചേല്‍പ്പിക്കില്ലെന്നുമായിരുന്നു വിഷയത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.