മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണവും സ്വർണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. സിബിഐ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലർച്ചെ ആയിരുന്നു. കസ്റ്റംസ് അധികൃതര്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്ന കാര്യത്തില്‍ സിബിഐ വ്യക്തത വരുത്തിയിട്ടില്ല.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തവയിലുണ്ട്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സിബിഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്. പാസ്പോര്‍ട്ട് വാങ്ങിവെച്ചതിന് ശേഷം യാത്രക്കാരെ പറഞ്ഞയച്ചു.

Read More: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ പരിശോധന

ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെയും അത് പിടികൂടിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു സിബിഐ പരിശോധന. ഡിആര്‍ഐയുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.

സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അടുത്തിടെ കോടികളുടെ സ്വര്‍ണമാണ് പിടികൂടിയത്. ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലും എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ കട്ടേക്കാടന്‍ സഫര്‍, ഇരിങ്ങാലക്കുട സ്വദേശി ജിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. 96.5 ലക്ഷം വിലമതിക്കുന്ന 1866 ഗ്രാം സ്വര്‍ണ്ണമാണ് സഫറില്‍ നിന്നും പിടിച്ചെടുത്തത്. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.