/indian-express-malayalam/media/media_files/uploads/2020/06/online-class-victers-channel-sai-swetha-teacher-interview-380259.jpg)
കോഴിക്കോട്: 'ഒരു ഒന്നാം ക്ലാസ്' കഥ അഭിനയിച്ചു പറഞ്ഞ് കേരളത്തിന്റെ മുഴുവന്‍ മനസിലേക്കു കയറിപ്പറ്റിയിരിക്കുയാണ് ഒരു യുവ അധ്യാപിക. പുതിയ അധ്യയന വര്‍ഷത്തിനു 'ഫസ്റ്റ് ബെല്‍' അടിച്ചപ്പോള്‍ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞ സായിശ്വേതയെന്ന അധ്യാപിക ഓണ്‍ലൈന്‍ ക്ലാസിന്റെ മുഖമായി മാറിയിരിക്കുകയാണ്.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കു വേണ്ടിയാണു കോഴിക്കോട് വടകര സ്വദേശിയായ സായിശ്വേത വിക്‌ടേഴ്‌സ് ചാനലില്‍ മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥ പറഞ്ഞത്. കഥ കണ്ടത് കുട്ടികളും രക്ഷിതാക്കളും മാത്രമല്ല, ലോകം മുഴുവനുമാണ്.
"ഞാന്‍ എന്താണോ അതാണ് ഇന്ന് ഓണ്‍ലൈന്‍ ആയി കണ്ടത്. ക്ലാസില്‍ ഇതേ പോലെയാണു പെരുമാറുന്നത്. ആ പരിചയം ഉള്ളതു കൊണ്ടാണ് ഇങ്ങനെ ലളിതമായി ചെയ്യാന്‍ കഴിഞ്ഞത്. കുട്ടിക്കളി മാറാത്ത ടീച്ചറാണെന്നാണു സ്‌കൂളിലെ പൊതുവെയുള്ള പരാതി. എന്നാല്‍ ഇന്നത്തെ ക്ലാസ് കണ്ടതോടെ കുറച്ചുകൂടി പക്വതയുള്ള ആളായെന്ന് തോന്നിയതായും അതു വേണ്ടായിരുന്നുവെന്നുമാണു പലരും പറഞ്ഞത്," സായിശ്വേത ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
വടകര മുതവടത്തൂര്‍ വിവിഎല്‍പി സ്‌കൂള്‍ അധ്യാപികയായ സായിശ്വേത അധ്യാപകക്കൂട്ടം വാട്‌സാപ്പ് ഗ്രൂപ്പില്‍ സജീവമാണ്. 'അധ്യാപകക്കൂട്ടം' ബ്ലോഗ് അഡ്‌മിൻ കൂടിയാണ്. ഇതു വഴിയാണു ശ്വേതയ്ക്കു ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചത്.
അധ്യാപകക്കൂട്ടം ബ്ലോഗ് അഡ്‌മിനായ പത്തനംതിട്ട സ്വദേശി രതീഷിനു ശ്വേത ഒരു കഥ പറഞ്ഞ് അയച്ചു കൊടുത്തിരുന്നു. അത് അദ്ദേഹം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു. ഒരുപാട് നല്ല അഭിപ്രായങ്ങള്‍ കിട്ടി. അപ്രതീക്ഷിതമായി എസ്ഇആര്‍ടിയുടെ ക്ഷണം ലഭിച്ചപ്പോള്‍, അധ്യാപകക്കൂട്ടത്തില്‍ പ്രസിദ്ധീകരിച്ച കഥ കുറച്ചുകൂടി ഭംഗിയാക്കി രണ്ടു ദിവസത്തെ ക്ലാസാക്കി മാറ്റുകയായിരുന്നു. ക്ലാസിന്റെ രണ്ടാം ഭാഗം നാളെ രാവിലെ വിക്‌ടേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യും.
രണ്ടു ദിവസം മുന്‍പ് മുതവടത്തൂര്‍ സ്‌കൂളില്‍ വച്ചാണു കഥ ഷൂട്ട് ചെയ്തത്. ഇന്നലെയാണ് എസ്ഇആര്‍ടിക്ക് അയച്ചുകൊടുത്തത്. കഥ ഷൂട്ട് ചെയ്യാനായി തിരുവനന്തപുരത്ത് എത്താമാേയെന്നായിരുന്നു എസ്ഇആര്‍ടിയില്‍നിന്നുള്ള ചോദ്യം. എന്നാല്‍ കോവിഡ് കാലത്ത് യാത്രാ ബുദ്ധിമുട്ടുള്ളതിനാല്‍ തിരുവനന്തപുരത്ത് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണു വടകരയില്‍ ഷൂട്ടിനുള്ള അവസരമൊരുങ്ങിയത്.
"അധ്യാപനജീവത്തിനിടയില്‍ ഇങ്ങനെയൊരു ഓണ്‍ലൈന്‍ ക്ലാസ് പ്രതീക്ഷിച്ചതേ അല്ല. ക്ലാസ് കേരളം ഏറ്റെടുത്തുവെന്നതില്‍ അഭിമാനം. ക്ലാസ് കണ്ട് അധ്യാപകരും അല്ലാത്തവരുമായി ഒരുപാട് പേര്‍ വിളിച്ചു. പലരും വീഡിയോ തേടിപ്പിടിച്ച് കണ്ടു. അതാണ് ഏറ്റവും വലിയ സന്തോഷം."
Read Also: മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം
നര്‍ത്തകിയായ സായിശ്വേത ഓട്ടന്‍തുള്ളല്‍, മോണോ ആക്ട് വേദികളിലും സജീവമായിരുന്നു. ഈ കഴിവുകള്‍ ക്ലാസുകള്‍ അഭിനയിച്ച് കാണിക്കുന്നതില്‍ സഹായകമായിട്ടുണ്ടെന്നാണു ശ്വേത പറയുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മുതുവടത്തൂര്‍ സ്വദേശി ദിലീപാണ് ഭര്‍ത്താവ്. സ്വന്തം വീട്ടില്‍നിന്നുള്ളതുപോലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മികച്ച പിന്തുണയാണു ലഭിക്കുന്നതെന്നു ശ്വേത പറയുന്നു.
മുതവടത്തൂര്‍ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സായിശ്വേത രണ്ടാം ക്ലാസിലാണു പഠിപ്പിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഒന്നാം ക്ലാസിലാണു പഠിപ്പിക്കുന്നത്. സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപികയായ അഞ്ജു കിരണാണു ശ്വേതയ്‌ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസില്‍ കവിത ചൊല്ലിയത്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അധ്യാപക്കൂട്ടം കൂട്ടായ്മയില്‍ സജീവമാണു അഞ്ജുവും.
അധ്യാപകരായ സായിശ്വേതയും അഞ്ജു കിരണുംപതിവിലും വിപരീതമായി ഇത്തവണ ഓൺലെെൻ സംവിധാനത്തിലൂടെയാണ് അധ്യയനവർഷം ആരംഭിച്ചത്. അധ്യാപകർക്കൊപ്പം വിദ്യാർഥികളും വലിയ ആകാംക്ഷയിലായിരുന്നു. സ്‌കൂളുകളിലേക്ക് സുഹൃത്തുക്കളുമായി കൂട്ടുകൂടി പോകാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാ വിദ്യാർഥികൾക്കുമുണ്ട്. എന്നാൽ, അതോടൊപ്പം ഓൺലെെൻ വഴി ക്ലാസുകളിൽ പങ്കെടുക്കുന്നതിന്റെ ആകാംക്ഷയും.
വിക്‌ടേഴ്‌സ് ചാനലിലെ 'ഫസ്റ്റ് ബെല്‍' ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടതായി കേരള ഇന്‍ഫ്രാസ്‌ട്രക്‌ചർ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍(കൈറ്റ്) സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.
"അധ്യാപകര്‍ മുന്നിലില്ലാത്ത അനുഭവം വിദ്യാര്‍ഥികള്‍ക്ക് ആദ്യമാണ്. ആ യാഥാര്‍ഥ്യം കുട്ടികള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്ലാസ് രക്ഷിതാക്കള്‍ കൂടി ശ്രദ്ധിച്ചുവെന്നതിനാല്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, സമീപനം, മേന്മകള്‍ എന്നിവ കൂടുതല്‍ പേരില്‍ എത്തി. എത്രകാലം ഈ രീതിയില്‍ ക്ലാസ് പോകുമെന്ന് പറയാനായിട്ടില്ല. എന്നാല്‍ വളരെ ദീര്‍ഘകാലം ഉണ്ടാവില്ല. ഇനി കുറച്ച് സമയത്തിനപ്പുറം ഓണ്‍ലൈന്‍ ക്ലാസ് പോകുകയാണെങ്കില്‍ നിലവിലുള്ള രൂപത്തിലാകണമെന്നില്ല. നിലവില്‍ തുടര്‍ച്ചയായി ക്ലാസ് നല്‍കാനുള്ള ദൃശ്യങ്ങള്‍ കരുതിവച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
10 ദിവസത്തിനുള്ളിലാണ് ഓണ്‍ലൈന്‍ ക്ലാസിനായി കൈറ്റ് ഒരുങ്ങിയത്. കോവിഡ് കാരണം യാത്രാ ബുദ്ധിമുട്ടുള്ളതിനാല്‍ അധ്യാപകരെ കിട്ടാനും കൊണ്ടുവരാനുമുള്ള പ്രയാസം നേരിട്ടു. ഇതുകാരണം തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള അധ്യാപകരെയാണു പ്രധാനമായും ക്ലാസിനായി ആശ്രയിച്ചത്. രണ്ടു ക്ലാസുകള്‍ക്കായി ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ അധ്യാപകരെയും ആശ്രയിച്ചു. ഇനി വിവിധ ജില്ലകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തും. അതാത് ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണു ക്ലാസ് എടുക്കുന്നതെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണു തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അലോക. ഏഴാം തരത്തിലെ ആദ്യ ക്ലാസ് ഇന്ന് വൈകീട്ട് മൂന്നിന് വിക്‌ടേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്‌തെങ്കിലും അലോകയ്ക്ക് അത് കാണാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലെ ടിവി നെറ്റ്‌വർക്കിൽ വിക്‌ടേഴ്‌സ് ചാനല്‍ ലഭ്യമാകാത്തതാണു കാരണം.
"എയര്‍ടെല്‍ ഡിഷാണു വീട്ടിലെ ടിവി ചാനല്‍ കണക്ഷന്‍. ഇതില്‍ വിക്‌ടേഴ്‌സ് ചാനല്‍ കിട്ടാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ കഴിഞ്ഞില്ല. അപ്പയും അമ്മയും ജോലിക്കു പോയിരിക്കുകയാണ്. അവര്‍ വന്നിട്ട് ഫോണിലെ ഇന്റർനെറ്റ് ഉപയോഗിച്ച് യൂടൂബില്‍ പുനസംപ്രേഷണം കാണും," അലോക പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസും വാട്‌സാപ്പിൽ സ്‌കൂളിലെ അധ്യാപകരുടെ ക്ലാസുമുണ്ടെങ്കിലും കൂട്ടുകാരെ കാണാണ്‍ കഴിയാത്തതു വലിയ വിഷമമാണെന്ന് അലോക പറയുന്നു. "സാധാരണ സ്‌കൂള്‍ തുറക്കുന്ന ദിവസമെന്നത് രാവിലെ ആറു മണിക്ക് എഴുന്നേറ്റ് നന്നായി ഒരുങ്ങി പോകേണ്ടതായിരുന്നു. കൂട്ടുകാരെയൊക്കെ കണ്ടിട്ട് കുറേ നാളായി. പക്ഷേ കോവിഡ് കാരണം വീട്ടിലിരുന്നല്ലേ പറ്റൂ," അലോക പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യാനുഭവം മികച്ചതെന്നാണു കോഴിക്കോട് പേരാമ്പ്രയിലെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ്‌ഡി അമല്‍ജിത്തിന്റെ അഭിപ്രായം. എട്ടാം ക്ലാസുകാര്‍ക്ക് രസതന്ത്രം, കണക്ക് എന്നീ വിഷയങ്ങളിലായിരുന്നു ഇന്ന് ക്ലാസ്.
രസതന്ത്രത്തില്‍ 'പദാര്‍ത്ഥങ്ങളുടെ സ്വഭാവം' എന്ന പാഠം സംബന്ധിച്ച ക്ലാസ് മികച്ച അനുഭവമായിരുന്നുവെന്ന് അമല്‍ജിത്ത് പറഞ്ഞു. ക്ലാസ് നന്നായി മനസിലായെന്നു പറഞ്ഞ അമല്‍ജിത്ത് പക്ഷേ കണക്ക് ക്ലാസില്‍ അല്‍പ്പം നിരാശനാണ്. രണ്ട് ചോദ്യങ്ങള്‍ കടുപ്പമുള്ളതായിരുന്നുവെന്നും ഇവ മനസിലായില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു. യൂടൂബില്‍ വീണ്ടും ക്ലാസ് കാണുമെന്നും അല്ലെങ്കില്‍ അധ്യാപകരോട് ചോദിച്ച് ആ ചോദ്യങ്ങള്‍ മനസിലാക്കുമെന്നും അമല്‍ജിത്ത് പറഞ്ഞു.
അതേ സമയം, മലയാളം മീഡിയത്തില്‍ നാലാം തരത്തില്‍ പഠിക്കുന്ന അമല്‍ജിത്തിന്റെ സഹോദരി അശ്വതിക്ക് ഇന്നത്തെ ഇംഗ്ലീഷ് ക്ലാസ് തീരെ മനസിലായില്ല. പൂര്‍ണമായും ഇംഗ്ലീഷിലാണ് ക്ലാസെടുത്തതെന്നതാണു കുട്ടിക്കു വിനയായത്. അധ്യാപകര്‍ മലയാളത്തില്‍കൂടി വിശദീകരിക്കുന്ന രീതിയിലാണ് അശ്വതി ഇതുവരെ ഇംഗ്ലീഷ് പഠിച്ചിരുന്നത്. കന്നാട്ടി എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അശ്വതി.
ഓണ്‍ലൈന്‍ ക്ലാസ് എന്ന ആദ്യാനുഭവം കെഎസ്ഇബി മുടക്കിയതിന്റെ സങ്കടത്തിലാണു കോഴിക്കോട് ബേപ്പൂര്‍ കെഎസ്ഇബി സെക്ഷനു കീഴിലെ മാത്തോട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍. ഈ പ്രദേശങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് വരെ അപ്രഖ്യാപിത പവര്‍ കട്ടായിരുന്നു. സാധാരണ വൈദ്യുതി മുടക്കം സംബന്ധിച്ച് തലേദിവസം പത്രത്തിലൂടെ അറിയിപ്പ് കൊടുക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് പ്രദേശവാസിയായ ഫര്‍ദിസ് പറഞ്ഞു. പത്താം ക്ലാസിലും ആറിലും പഠിക്കുന്ന ഫര്‍ദിസിന്റെ മക്കള്‍ക്ക് ക്ലാസ് കാണാന്‍ കഴിഞ്ഞില്ല.
ഓൺലെെൻ ക്ലാസ് ആദ്യ ദിവസങ്ങള്‍ പിന്നിടുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു പുതിയ അനുഭവമാകുന്നു. ക്ലാസുകൾ ആരംഭിക്കും മുൻപുള്ള ടെൻഷനെല്ലാം ഇപ്പോൾ പമ്പകടന്നെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയവും ഓൺലെെൻ അധ്യയനം തന്നെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us