Latest News

മീട്ടു പൂച്ചയും തങ്കു പൂച്ചയും…, തരംഗമായി ഓൺലെെൻ ക്ലാസുകൾ; ആദ്യദിനം വിജയകരം

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ നിരവധിപേരാണ് അധ്യാപകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്

പുത്തൽ ഉടുപ്പണിഞ്ഞ്, ബാഗ് മഴ നനയാതെ നോക്കി, കൂട്ടുകാരെ ചേർത്തുപിടിച്ച് സ്‌കൂളിന്റെ പടി ചവിട്ടാൻ സാധിക്കാത്തതിന്റെ വിഷമം നമ്മുടെ കുട്ടികൾക്കുണ്ടാകും. കാരണം, എല്ലാവർഷവും ജൂൺ ഒന്നിനു അധ്യയനവർഷം ആരംഭിക്കുമ്പോൾ ഉള്ള സന്തോഷം ഇത്തവണയില്ല. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം മുഴുവൻ. അതിനിടയിൽ ആളും ആഘോഷവുമായി എല്ലാവർഷവും നടക്കേണ്ട അധ്യയനവർഷാരംഭവും ഇത്തവണയില്ല. പതിവിലും വിപരീതമായി ഇത്തവണ ഓൺലെെൻ സംവിധാനത്തിലൂടെയാണ് അധ്യയനവർഷം ആരംഭിച്ചത്. സ്‌കൂളുകളിലേക്ക് സുഹൃത്തുക്കളുമായി കൂട്ടുകൂടി പോകാൻ സാധിക്കാത്തതിന്റെ വിഷമം എല്ലാ വിദ്യാർഥികൾക്കുമുണ്ട്. എന്നാൽ, അതോടൊപ്പം ഓൺലെെൻ വഴി ക്ലാസുകളിൽ പങ്കെടുക്കുന്നതിന്റെ ആകാംക്ഷയും.

ഓൺലെെൻ ക്ലാസ് ആദ്യ ദിവസം പിന്നിടുമ്പോൾ എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് കേൾക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ക്ലാസുകൾ ആരംഭിക്കും മുൻപുള്ള ടെൻഷനെല്ലാം ഇപ്പോൾ പമ്പകടന്നെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാവിഷയവും ഓൺലെെൻ അധ്യയനം തന്നെ. ഇതിനോടകം തന്നെ നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ക്ലാസ് അടിസ്ഥാനത്തിലാണ് ഓൺലെെൻ പഠനം നടക്കുന്നതെങ്കിലും വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകൾ കാണാൻ പ്രായവ്യത്യാസമില്ലാതെ പ്രേക്ഷകരുണ്ട്. കുട്ടികൾക്കൊപ്പം മാതാപിതാക്കളും ടിവിക്ക് മുൻപിൽ ഇരിക്കുന്നു. രസകരമായ ക്ലാസുകൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിസന്ധികളെ അവസരമാക്കുകയാണ് അധ്യാപകരും വിദ്യാർഥികളും.

ചെറിയ ക്ലാസിലെ കുട്ടികൾക്ക് സ്‌കൂളിൽ ക്ലാസെടുക്കുന്ന അതേ രീതിയിലാണ് അധ്യാപകർ പരിശീലനം നൽകുന്നത്. കഥകൾ പറഞ്ഞും പാട്ട് പഠിപ്പിച്ചും വിദ്യാർഥികളെ രസിപ്പിക്കുന്ന അധ്യാപകർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ പല അധ്യാപകരും പഠിപ്പിക്കുന്നത്. എന്നാൽ, അതിന്റെയൊന്നും സങ്കോചമില്ലാതെയാണ് അവർ കുട്ടികൾക്ക് ക്ലാസെടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ നിരവധിപേരാണ് അധ്യാപകരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ, ഓൺലെെൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികളും ഉണ്ട്. വെെദ്യുതി പ്രശ്‌നം മൂലവും സാങ്കേതിക തകരാറിനെ തുടർന്നും ഇന്നത്തെ ക്ലാസ് നഷ്‌ടമായ വിദ്യാർഥികൾ അവരുടെ ആശങ്കകളും പരാതികളും വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുന്നുണ്ട്. അധ്യാപകർ വഴിയാണ് പല വിദ്യാർഥികളും തങ്ങളുടെ ആശങ്ക അറിയിച്ചത്. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തുമെന്നും ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് എല്ലാ വിദ്യാർഥികൾക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.

ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങള്‍ നിശ്ചിത സമയക്രമത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ ടെലിവിഷന്‍ ചാനലായ വിക്ടേഴ്‌സിലും ലഭ്യമായ മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികള്‍ വീട്ടിലിരുന്ന് അത് കാണുകയും ചെയ്യുന്ന രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആവശ്യമായ ഇന്‍പുട്ടുകളോടെ, വീഡിയോ രൂപത്തില്‍ വിദഗ്ധര്‍ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചര്‍ച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉള്‍പ്പെടുത്തി അധ്യാപകര്‍ തയ്യാറാക്കുന്ന വാട്‌സ്ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.

ജൂണ്‍ മൂന്ന് മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ്സിന് പുറമെ ഓണ്‍ലൈന്‍ ക്ലാസ് തയ്യാറെടുപ്പുകള്‍ക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നല്‍കും. വിദ്യാലയത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമാകുന്നതിനായി ഓരോ വിദ്യാലയവും മുന്നൊരുക്കങ്ങളും സൂക്ഷ്മതല ആസൂത്രണവും ഉറപ്പാക്കാനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള യോഗങ്ങളോ ഓണ്‍ലൈന്‍ മീറ്റിംഗുകളോ നടത്തും.

കുടുംബശ്രീ, അയൽക്കൂട്ടം, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മറ്റു സന്നദ്ധ സം​ഘടനകൾ എന്നിവയുടെ സഹായത്തോടെ എല്ലാവ‍ർക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പ്ലാറ്റ്ഫോമുകളിലും ഇതിനോടകം കൈറ്റ്സ് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Online class victers channel social media trends

Next Story
‘കോൻ ബനേഗാ ക്രോർപതി’യിൽ ഒരു കോടി നേടിയ ആ മിടുക്കൻ ഇന്ന് ഐപിഎസുകാരനാണ്Kaun Banega Crorepati, Ravi Mohan Saini Ravi Mohan Saini 2001 winner of Kaun Banega Crorepati is now the SP of Gujarat’s Porbandar
The moderation of comments is automated and not cleared manually by malayalam.indianexpress.com