/indian-express-malayalam/media/media_files/uploads/2021/09/Veena-George.png)
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
"യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റ് 11 രാജ്യങ്ങളിലുമാണ് നിലവില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കേരളത്തില്‍ എത്തിയ ശേഷം വിമാനത്താവളത്തില്‍ വച്ചും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് കേന്ദ്ര നിര്‍ദേശം," മന്ത്രി വ്യക്തമാക്കി.
"പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എട്ടാമത്തെ ദിവസം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഈ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈന്‍ തുടരണം. അങ്ങനെ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം," മന്ത്രി കൂട്ടിച്ചേര്‍ത്തു.
"പോസിറ്റീവ് ആകുന്നവരെ പ്രത്യേകമായി ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും. അവര്‍ക്കായി പ്രത്യേക വാര്‍ഡ് സംസ്ഥാനത്ത് ക്രമീകരിക്കുന്നുണ്ട്. ജീനോമിക് സര്‍വെയിലന്‍സ് വഴി സംസ്ഥാനത്ത് പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. നിലവില്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല," വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം തന്നെ എടുക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 96.4 ശതമാനം പേർ ആദ്യ ഡോസും 63 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ വിദേശിക്ക് ബാധിച്ചത് ഡെൽറ്റയിൽനിന്ന് വ്യത്യസ്തമായ വകഭേദമെന്ന് കർണാടക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.