/indian-express-malayalam/media/media_files/uploads/2020/08/Pinarayi-Vijayan-and-Ramesh-Chennithala.jpg)
തിരുവനന്തപുരം: പ്രതിപക്ഷത്തെ വെല്ലുവിളിച്ച് സിപിഎം. സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ ധെെര്യത്തോടെ നിയമസഭയിൽ നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
"സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോകരുത്. വോട്ടെടുപ്പിൽ കൂടി പങ്കെടുക്കണം. വോട്ടിങ്ങിൽ പങ്കെടുത്താൽ പ്രതിപക്ഷത്തിന്റെ തനിനിറം തുറന്നുകാണിക്കപ്പെടും. വോട്ടെടുപ്പ് കഴിഞ്ഞാൽ വൻ തിരിച്ചടിയായിരിക്കും പ്രതിപക്ഷത്തിനു ലഭിക്കുക. ഇപ്പോഴുള്ള ഭൂരിപക്ഷം പോലും യുഡിഎഫിനുണ്ടാകില്ല. അവിശ്വാസ പ്രമേയത്തെ സർക്കാർ ആത്മവിശ്വാസത്തോടെ നേരിടും. ഇപ്പോഴത്തെ വിവാദങ്ങൾകൊണ്ട് സർക്കാരിനെ തകർക്കാൻ സാധിക്കില്ല," കോടിയേരി പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങളെ രണ്ടാം ലാവ്‌ലിൻ എന്നാണ് യുഡിഎഫ് കൺവീനർ വിശേഷിപ്പിച്ചത്. ഒന്നാം ലാവ്‌ലിന്റെ സ്ഥിതി എന്തായിരുന്നു? ഒന്നാം ലാവ്‌ലിൻ ചീറ്റിപ്പോയതല്ലേ? അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇപ്പോൾ സർക്കാരിനെതിരെ ഉന്നയിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിങ്കളാഴ്‌ചയാണ് നിയമസഭാ സമ്മേളനം. ധനബിൽ പാസാക്കുന്നതിനു വേണ്ടിയാണ് ഒറ്റ ദിവസത്തെ നിയമസഭാ സമ്മേളനം ചേരുന്നത്. സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയ്‌ക്ക് അഞ്ച് മണിക്കൂർ അനുവദിച്ചു. രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ചർച്ച നടക്കുക. പാർട്ടിയുടെ അംഗബലം അനുസരിച്ചായിരിക്കും സംസാരിക്കാൻ അവസരം നൽകുക.
വി.ഡി.സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാകാൻ സാധ്യതയില്ല.
അതേസമയം, സ്‌പീക്കർക്കെതിരായ പ്രമേയത്തിനു അനുമതി നിഷേധിച്ചു. 14 ദിവസം മുൻപ് നോട്ടീസ് നൽകിയില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.