തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

“കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ്‌വൽക്കരണത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണം. കോവിഡിന്റെ പശ്ചാത്തലത്തിൽ വേറിട്ട രീതിയിലുള്ള പ്രതിഷേധത്തിനു സിപിഎം നേതൃത്വം നൽകും. 25 ലക്ഷം ആളുകളെ അണിനിരത്തി ഓഗസ്റ്റ് 23 നു സിപിഎം പ്രതിഷേധം നടത്തും. ഓരോ വീടുകളും സമരകേന്ദ്രമായി മാറണം,” കോടിയേരി പറഞ്ഞു.

Read Also: തിരുവനന്തപുരം വിമാനത്താവളം നിയമപോരാട്ടത്തിലേക്ക്; സർക്കാർ ഹെെക്കോടതിയിൽ

“ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വ്യോമയാന മേഖലയെയും ഗതാഗത മേഖലയെയും കോർപറേറ്റുകളെ ഏൽപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ കേരളം അനുവദിക്കില്ല. കേന്ദ്ര തീരുമാനം തിരുത്തണം. ജനങ്ങൾക്കെതിരായ നിലപാടാണ് കേന്ദ്രത്തിന്റേത്. അദാനി നൽകുന്ന അതേ തുകയിൽ വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. കേന്ദ്ര തീരുമാനം തിരുത്തിക്കാൻ ജനങ്ങൾ ഒന്നിച്ചു രംഗത്തിറങ്ങണം. സ്വകാര്യവൽക്കരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് ലക്ഷം ഈമെയിലുകൾ അയക്കും” കോടിയേരി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹെെക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകുന്നത്.

Read Also: പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണം; കേസ് ഉടൻ തീർപ്പാക്കണമെന്നു ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നൽകിയ കേന്ദ്ര നിലപാടിനെ ശക്തമായി എതിർത്ത് സംസ്ഥാന സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു.

വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ല. സ്വകാര്യവൽക്കരിച്ചാൽ സംസ്ഥാന സർക്കാർ വിമാനത്താവളവുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആര് ഏറ്റെടുത്താലും സർക്കാർ സഹകരണമില്ലാതെ നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പറഞ്ഞു. വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ അറിയിച്ചു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസിലാക്കിയാൽ അവരും പിന്‍മാറും. ഒന്നിച്ചു നിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്‌പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.