/indian-express-malayalam/media/media_files/uploads/2021/11/Sabarimala-5.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനു കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ആവശ്യമില്ല. ഇക്കാര്യം വ്യക്തമാക്കി തീര്‍ഥാടന മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
കുട്ടികളെ ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടാതെ ശബരിമലയിലേക്കു പോകാന്‍ അനുവദിക്കുമെന്നു ഉത്തരവില്‍ പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ കൊണ്ടുപോകാം. കുട്ടികള്‍ സോപ്പ്, സാനിറ്റെസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒപ്പമുള്ള രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കുട്ടികള്‍ ഒഴികെയുള്ള തീര്‍ഥാടകര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം. നിലയ്ക്കലില്‍ കോവിഡ്-19 പരിശോധനയ്ക്കു സംവിധാനമുണ്ട്.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനം ഒഴിവാക്കണം. മൂന്നു മാസത്തിനകം കോവിഡ് വന്നവര്‍ക്കു മല കയറുമ്പോള്‍ ഗുരുതുരമായ ശ്വാസകോശ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ അവരും തീര്‍ഥാടനം പരമാവധി ഒഴിവാക്കുന്നതാണണു നല്ലത്. പോകണമെന്നു നിര്‍ബന്ധമുള്ളവര്‍ തീര്‍ഥാടനത്തിനു മുമ്പ് ശാരീരിക ക്ഷമത ഉറപ്പുവരുത്തണം. ഇത്തരക്കാര്‍ പള്‍മണോളജി, കാര്‍ഡിയോളജി പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
പമ്പ മുതല്‍ സന്നിധാനം വരെ സ്വാമി അയ്യപ്പന്‍ റോഡിന്റെ വിവിധ പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കിയിട്ടുണ്ട്. മലകയറ്റത്തിനിടയില്‍ അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഉടന്‍ തൊട്ടടുത്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. തളര്‍ച്ച അനുഭവപ്പെടുന്നവര്‍ക്കു വിശ്രമിക്കുവാനും ഓക്‌സിജന്‍ ശ്വസിക്കുവാനും പ്രഥമ ശുശ്രൂഷയ്ക്കും രക്തസമ്മര്‍ദം നോക്കാനുമുള്ള സംവിധാനം ഇവിടെയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.