കണ്ണൂര്‍: ഹലാലിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. “ആധുനികമായ ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിച്ച് ഹിന്ദുരാഷ്ട്രമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹലാല്‍ എന്നതിന്റെ അര്‍ത്ഥം നല്ല ഭക്ഷണമെന്ന് മാത്രമാണ്. ഒരു വിഭാഗത്തെ ആക്ഷേപിക്കാനായി ഹലാല്‍ വിവാദം ഉപയോഗപ്പെടുത്തുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.
“രാജ്യത്തൊട്ടാകെ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായി നമ്മുടെ കേരളത്തിലും ചില നടപടികള്‍ സ്വീകരിക്കുന്നതായി കാണാന്‍ കഴിയും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ സാധിക്കില്ല,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഎം പിണറായി ഏരിയാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു. “തീവ്രഹിന്ദുത്വം നയമായി സ്വീകരിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കോര്‍പറേറ്റുകളുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നത്. രാജ്യത്തിന്റെ സംസ്കാരം ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.