/indian-express-malayalam/media/media_files/uploads/2019/03/sunilkumar-vs-sunil-kumar.-23-006.jpg)
കൊച്ചി: എറണാകുളത്ത് ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. നിര്‍ദേശം ലംഘിച്ച് ഇന്ന് നിരവധി പേര്‍ പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ മാത്രമാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read More: കേരളം ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രം
അതേസമയം, കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വിമർശനത്തിന് മറുപടിയുമായി ചീഫ് സെക്രട്ടറി രംഗത്തെത്തി. ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരും. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം വേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ പാലിച്ചാണ് സംസ്ഥാനം ഇളവുകള്‍ അനുവദിച്ചത്. കേന്ദ്രം നോട്ടീസ് അയച്ചത് തെറ്റിദ്ധാരണ കാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളം ഏപ്രില്‍ 15ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം തെറ്റിച്ചെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. പുസ്തകശാലകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
കാറില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേരളം മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.