ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളിൽ കേന്ദ്രസർക്കാർ അതൃപ്തി അറിയിച്ചതിന് പിന്നാലെ ഇളവുകൾ വെട്ടിക്കുറച്ച് കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ പിന്‍വലിച്ചത്.

ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവർത്തിക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. പകരം ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെ നീട്ടി.

കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ഏപ്രില്‍ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കേരളം തെറ്റിച്ചു. സംഭവത്തില്‍ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചിരുന്നു. എന്നാല്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.

കേരളത്തില്‍ ബാര്‍ബര്‍ഷോപ്പുകളും ഹോട്ടലുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. പുസ്തകശാലകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നതും കാറില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരെ അനുവദിച്ചതും തെറ്റാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

Read More: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

നേരത്തെ, അതിഥി തൊഴിലാളികള്‍ക്കായി കേജ്‌രിവാൾ സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തിയതിനെതിരെയും കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തിൽ ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചു. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

Read in English: Kerala govt’s decision to reopen restaurants, allow travel dilution of Centre’s rules: MHA

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook