/indian-express-malayalam/media/media_files/uploads/2017/10/sitaram-yechuri.jpg)
തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ പടിയിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കോടിയേരി രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തകളോട് കേന്ദ്ര നേതൃത്വം പ്രതികരിച്ചു. കോടിയേരി രാജി സന്നദ്ധത അറിയിച്ച കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോടിയേരി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ സംസ്ഥാന ഘടകം ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. നടപടി സംസ്ഥാന നേതൃത്വമാണ് സ്വീകരിക്കുക എന്നും കേന്ദ്ര നേതൃത്വം അറിയിച്ചു.
Read Also: പിണറായി വിജയനുമായി കോടിയേരി കൂടിക്കാഴ്ച നടത്തി; രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വം വ്യക്തതയുമായി രംഗത്തെത്തിയത്. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ രാജി വച്ചാല്‍ അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ബാലകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും മുന്‍പെയാണ് കൂടിക്കാഴ്ച. ബിനോയ് കോടിയേരിക്കെതിരായ കേസ് അടക്കം മുഖ്യമന്ത്രിയുമായി കോടിയേരി ചര്‍ച്ച ചെയ്തതായാണ് സൂചന.
സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. നാളെയും മറ്റന്നാളും സംസ്ഥാന സമിതി ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നത്. ബിനോയ് കോടിയേരിക്കെതിരായ കേസും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
Read Also: ജയിലിലെ റെയ്ഡ്; മൊബൈല്‍ പിടിച്ചെടുത്തത് ടിപി കേസ് പ്രതിയില്‍ നിന്ന്
ബിനോയ് കോടിയേരി വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ നേതാക്കള്‍ക്കും. ബിനോയിയെ സംരക്ഷിക്കാന്‍ നോക്കേണ്ട ആവശ്യമില്ലെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുണ്ട്. പാര്‍ട്ടി ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നാണ് നേതാക്കളുടെ വാദം.
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ പാര്‍ട്ടിയില്‍ തന്നെ ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ആന്തൂര്‍ ചെയര്‍പേഴ്‌സണും എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യും. ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടുള്ളതായി ഹൈക്കോടതി ഇന്നലെ നിരീക്ഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളി വിടാതെ ശ്യാമളയ്‌ക്കെതിരെ നടപടി സ്വീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.