/indian-express-malayalam/media/media_files/uploads/2019/08/Nisha-Jose-K-Mani-and-Mani-C-Kappen.jpg)
പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം), യുഡിഎഫ് എന്നിവര്‍ക്കിടയില്‍ ധാരണയായിട്ടില്ല. നിഷ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നാളെ ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുക.
നിഷയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ജോസ് കെ.മാണിയും പ്രതികരിച്ചു. ആര് സ്ഥാനാര്‍ഥിയാകും എന്നതിനെ കുറിച്ച് നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. രമ്യമായി ആയിരിക്കും ഇക്കാര്യത്തില്‍ മുന്നണി തീരുമാനം എടുക്കുക എന്നും ജോസ് കെ.മാണി പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉള്ള പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ തന്നെ ഭിന്നത ലക്ഷ്യം വച്ചാണ് എല്‍ഡിഎഫ് കരുക്കള്‍ നീക്കുന്നത്. ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി സി.കാപ്പന്‍ തന്നെ ആയിരിക്കും ഇത്തവണയും സ്ഥാനാര്‍ഥി.
നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാർഥിയായാൽ ജോസഫ് വിഭാഗം അതിനെ പിന്തുണക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടി വരും. കോട്ടയം ലോക്‌സഭാ സീറ്റിൽ മാണി വിഭാഗക്കാരനായ തോമസ് ചാഴിക്കാടൻ സ്ഥാനാർഥിയായപ്പോൾ പി.ജെ.ജോസഫ് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് മാണി വിഭാഗം മുന്നോട്ടുപോകുകയായിരുന്നു. പിന്നീട്, ജോസഫ് വിഭാഗം മാണി വിഭാഗത്തിന് മുന്നിൽ മുട്ടുമടക്കി. പാലാ ഉപതിരഞ്ഞെടുപ്പിലും ഇതേ നിലപാട് തന്നെയായിരിക്കും ജോസഫ് വിഭാഗം സ്വീകരിക്കുക എന്നും വാർത്തകളുണ്ട്.
Read Also: പാലായിൽ പടയൊരുക്കം; ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന്
പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23നാണ് നടക്കുക. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.
പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളു. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.
Read Also: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
അതേസമയം സംസ്ഥാനത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും വൈകുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും രണ്ട് സാമാജികര്‍ മരിച്ചതുമടക്കം സംസ്ഥാനത്ത് ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നിലവിൽ പാലയിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.