തിരുവനന്തപുരം: പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന് വോട്ടെടുപ്പ് നടക്കും. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.

പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളു. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.

അതേസമയം സംസ്ഥാനത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും വൈകുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും രണ്ട് സാമാജികര്‍ മരിച്ചതുമടക്കം സംസ്ഥാനത്ത് ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നിലവിൽ പാലയിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് വൈകുന്നത്. മറ്റ് നാല് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് മുന്നിൽ ഇനിയും സമയമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.