/indian-express-malayalam/media/media_files/uploads/2019/06/nipah-kerala-health-outbreak-virus-alert-after-nipah_cbd3b636-5dd6-11e8-b354-8e7f0da49342.jpg)
കൊച്ചി: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ഇന്നറിയാം. കളമശേരിയിലും തൃശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വരിക. അതേസമയം, നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പരസഹായമില്ലാതെ യുവാവ് നടക്കാൻ തുടങ്ങിയതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
എന്നാൽ നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയെയാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലുള്ളവരുടെ എണ്ണം എട്ടായി. ഇവരുടെ നില സ്റ്റേബിളായി തുടരുന്നതായും അധികൃതർ അറിയിച്ചു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്നലെ അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.
Read More: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പരസഹായമില്ലാതെ നടന്ന് തുടങ്ങി
കളമശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷന്‍ വാര്‍ഡ് സജ്ജമായതായും കലക്ടർ അറിയിച്ചു. ഇതിന്റെ ട്രയല്‍ റണ്ണും പൂർത്തിയായി. രോഗി ആംബുലൻസില്‍ എത്തുന്നത് മുതല്‍ ഐസോലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.
ആകെ 329 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലർത്തിയവരുടെ ലിസ്റ്റിലുള്ളത്. 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണെന്നും കലക്ടർ അറിയിച്ചു. ഇവരിൽ നിപ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രത തുടരാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ.അശുതോഷിന്റെ നേതൃത്വത്തിലുള്ള പുതിയ മൂന്നംഗ സംഘം പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. 22 സാമ്പിളുകളാണ് പൂനെ എന്‍ഐവി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവിടെനിന്ന് ശേഖരിച്ചത്. ഈ സാമ്പിളുകള്‍ പൂനെയിലേക്ക് അയക്കും. നാളെ ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നത്. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.