കൊച്ചി: നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. പരസഹായമില്ലാതെ യുവാവ് നടക്കാൻ തുടങ്ങിയതായി എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.

അതേസമയം നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ കൂടി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയേയാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്ലുള്ളവരുടെ എണ്ണം 8 ആയി. ഇവരുടെ നില സ്റ്റേബിളായി തുടരുന്നതായും അധികൃതർ അറിയിച്ചു.

എറണാകുളം മെഡിക്കല്‍ കോളജില്‍ പുതുതായി പ്രവേശിപ്പിച്ച ഒരു രോഗിയുടേതടക്കം ഇന്ന് അഞ്ച് സാമ്പിളുകളാണ് പരിശോധനക്കായി ശേഖരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്, ഇടുക്കി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ട് പേരുടെ രണ്ടാം ഘട്ട പരിശോധനക്കായി ശേഖരിച്ച സാമ്പിളും ഉള്‍പ്പെടുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷന്‍ വാര്‍ഡ് സജ്ജമായതായും കലക്ടർ അറിയിച്ചു. ഇതിന്റെ ട്രയല്‍ റണ്ണും പൂർത്തിയായി. രോഗി ആംബുലിസില്‍ എത്തുന്നത് മുതല്‍ ഐസലേഷന്‍ വാര്‍ഡില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ട്രയല്‍ റണ്‍ നടത്തിയത്.

ആകെ 329 പേരാണ് രോഗിയുമായി സമ്പര്‍ക്കം പുലർത്തിയവരുടെ ലിസ്റ്റിലുള്ളത്. 52 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ഉള്‍പ്പെട്ടവരാണെന്നും കലക്ടർ അറിയിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളില്‍ നിന്നുള്ള 52 പഴം തീനി വവ്വാലുകളില്‍ നിന്ന് ഇതേവരെ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് ഇവിടെ നിന്ന് 22 സാമ്പിളുകളാണ് പൂനെ എന്‍ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാംപിളുകള്‍ ശേഖരിച്ച് പുനെയിലേക്ക് അയക്കും. നാളെ ആലുവ, പറവൂര്‍ മേഖലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നത്. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ. ഗോഖലെ, ഡോ: ബാലസുബ്രഹ്മണ്യന്‍ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.