/indian-express-malayalam/media/media_files/uploads/2019/06/pigs-cats-horz.jpg)
തിരുവനന്തപുരം: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നുള്ള രണ്ടാമത്തെ സംഘവും കേരളത്തിലെത്തി. സംഘം പന്നിഫാമുകളില്‍നിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിക്കുന്നുണ്ട്. തൊടുപുഴ, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പന്നി വളര്‍ത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാൽ, പന്നി എന്നിവയുമായി ബന്ധപ്പെടുന്ന ആളുകൾ പനിയുടെ ലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.
ഇതിനിടെ തൊടുപുഴയില്‍ വലയില്‍ കുടുങ്ങിയ പഴംതീനി വവ്വാലുകളില്‍നിന്നും സംഘം സ്രവങ്ങള്‍ ശേഖരിച്ചു. ഉമിനീര് ഉള്‍പ്പെടെ ശേഖരിച്ച സ്രവങ്ങള്‍ നിയന്ത്രിത ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ടാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം വവ്വാലുകളെ പിടികൂടാന്‍ വല സ്ഥാപിച്ചത്. ഞായറാഴ്ച രാവിലെയോടെ സംഘം എത്തിയപ്പോള്‍ ഇതില്‍ നിരവധി വവ്വാലുകള്‍ കുടുങ്ങിയിരുന്നു.
Read Morw: നിപ: ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു
നിപ ഭീതി അകലുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാലാണ് ജാഗ്രത തുടരുന്നത്. നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ച കോളജിന് സമീപത്ത് നിന്നാണ് വവ്വാലുകളുടെ സ്രവം ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധ സംഘവുമാണ് വവ്വാലുകളുടെ ശ്രവം ശേഖരിച്ചുവരുന്നത്. പത്ത് ദിവസം സംഘം ഇടുക്കി കേന്ദ്രീകരിച്ചും പീന്നീട് പറവൂരിലും ശ്രവം ശേഖരിക്കും. നൂറിലധികം വവ്വാലുകളെ പിടികൂടിയാകും ശ്രവം ശേഖരിക്കുക.
ഈ സാമ്പിളുകള്‍ പൂനൈയിലെത്തിച്ച് പരിശോധന നടത്തിയാല്‍ ഉറവിടം കണ്ടെത്താനാകുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതീക്ഷ. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.ബി.സുദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍ എം.ബി.ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊടുപുഴയില്‍ പരിശോധനക്കായി എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.