കൊച്ചി: നിപ രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളെജിലെ താല്‍ക്കാലിക ലാബില്‍ നടത്തിയ രണ്ടാംഘട്ട സാമ്പിള്‍ പരിശോധനയുടെ ഫലം കൂടുതല്‍ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയച്ചതിന്റെ ഫലം ലഭിച്ചു. യൂവാവിന്റെ മൂന്നു സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും രണ്ടെണ്ണം നെഗറ്റീവുമാണ്.
ഇന്ന് രോഗലക്ഷണങ്ങളുള്ള ഒരാളെ കൂടി കളമശേരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കല്‍ കോളെജില്‍ എട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഏഴുപേരുടെയും രക്തസാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗലക്ഷണങ്ങള്‍ ഉള്ള ഒരാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിരിക്കുന്നത് 327 പേരെയാണ്. നിലവില്‍ ഇവര്‍ക്കാര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.
കണ്ട്രോള് റൂമില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന നാല് സംഘങ്ങള്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 73 സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. കൂടാതെ കഴിഞ്ഞ മാസം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റെജിസ്റ്റര്‍ ചെയ്ത 1798 മരണങ്ങളെ സംബന്ധിച്ച വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഇതുവരെ നിപ രോഗബാധയുമായി സാമ്യമുള്ള മരണങ്ങള് ഇതുവരെ കണ്ടെത്തിയിട്ടില്ല.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 7916 പേര്‍ക്ക് പരിശീലനം നല്കി. 486 സര്‍ക്കാര്‍ ഡോക്ടര്‍മാരും 1450 പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ 120 ഡോക്ടര്‍മാര്‍ക്കും 222 പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്കി. പരിശീലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 827 ആശാ പ്രവര്‍ത്തകര്‍, 1766 കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 438 പേരും പരിശീലനം നേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മരട്, കുണ്ടന്നൂര്‍, ആലുവ ഭാഗങ്ങളിലായി അഞ്ച് അതിഥിതൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍വകുപ്പ് പരിശോധന നടത്തി. നിപരോഗബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീടിന്റെ പരിസരങ്ങളില്‍ നിന്നുമായി 23 വവ്വാലുകളുടെ സാമ്പിളുകള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍.ഐ.വി സംഘം ശേഖരിച്ചതായും കലക്ടര്‍ അറിയിച്ചു.