/indian-express-malayalam/media/media_files/uploads/2019/06/kk-shaylaja.jpg)
തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡല്‍ഹിയിലേക്ക്. മന്ത്രി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ.കെ.ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വെെറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും കെ.കെ.ശെെലജ പറഞ്ഞു. നിപയുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലെത്തേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
Read More: നിപ: കേരളത്തിൽ നിന്നുള്ള 6 സാമ്പിളുകളും നെഗറ്റീവ് എന്ന് പരിശോധനാ ഫലം
മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി സ്ഥിഗതികൾ വിലയിരുത്തി. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.
നിപാ വൈറസ‌് ബാധയുടെ ഭാഗമായി ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് നാടിനാകെ ആശ്വാസം പകരുന്ന വാർത്തയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോളുള്ള ജാഗ്രതാപൂർണമായ നടപടികൾ നമ്മൾ അവസാനിപ്പിക്കുന്നില്ല. എല്ലാം തുടരുകതന്നെ ചെയ്യും. ചിലർകൂടി നിരീക്ഷണത്തിലുണ്ട്. ഈ വർഷം നിപാ വൈറസ് ഒരാളെ ബാധിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ അനുഭവം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ മുൻകരുതലും പ്രതിരോധവും സൃഷ്ടിക്കുന്നതിന‌് ഗുണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻകരുതലുകൾ കുറച്ചുകാലം കൂടി ഉണ്ടാകും. എന്നാൽ മാത്രമേ പൂർണമായും മുക്തമായെന്ന് പറയാൻ കഴിയൂ. ഇതോടൊപ്പം ഈ രോഗത്തിന് കാരണക്കാരായി കാണുന്നത് പഴംതീനികളായ വവ്വാലുകളെയാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനയിൽ ഇത് നമ്മൾ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട‌് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വവ്വാലുകൾ ഏത് ഘട്ടത്തിലാണ് ഇതിന്റെ വാഹകരാകുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.
Read More: ഭയപ്പെടേണ്ട സാഹചര്യം തരണം ചെയ്തു; നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി
ദേശീയ തലത്തിലും പരിശോധന നടത്താൻ കഴിയും. അതുമായല്ലൊം ബന്ധപെട്ട‌് യോഗം വിളിച്ചുചേർത്ത‌് വേണ്ട പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നാം ആവശ്യപ്പെടേണ്ടതുണ്ട‌്. വിവിധ വകുപ്പുകൾ ഇതിനായി ഏകോപിപ്പിക്കും. സന്നദ്ധസേവന തൽപ്പരരായ ആളുകൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി എല്ലാവരുടേയും സഹകരണം നമുക്ക‌് ആവശ്യമുണ്ട‌്. ഈ ഘട്ടത്തിൽ നാം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിപ ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ജാഗ്രത പുലർത്തുകയാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.