/indian-express-malayalam/media/media_files/uploads/2022/09/nia.jpg)
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദേശിയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഇടപെടല്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയതായി വിവരം. വിഴിഞ്ഞം പൊലീസിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് പ്രദേശത്തെത്തും. സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കും.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. എസ് പി, ഡി വൈ എസ് പി, സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ടീമിലുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി ആര്‍ നിശാന്തിനിക്കാണ് ക്രമസമാധാന ചുമതല. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ നിയന്ത്രണവുമാണ് ചുമതലകള്‍.
തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ തത്ക്കാലത്തേക്ക് വേണ്ടെന്നാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍നിന്നു പിന്നോട്ടില്ല. നടക്കുന്നത് സമരമല്ല, സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. രാജ്യദ്രോഹികളാണ് നിര്‍മ്മാണം തടയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
"സര്‍ക്കാരിനു താഴാവുന്നതിനു പരിധിയുണ്ട്. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. സമരമല്ല നടക്കുന്നത്, മറ്റൊന്തൊ ആണ്," മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പ്രതികരിച്ചു. അബ്ദുറഹ്മാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പറഞ്ഞു. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് കണ്ടുവെന്നും തിയോഡോഷ്യസ് ഡിക്രൂസ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.