ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) കുറഞ്ഞത് അഞ്ച് സെർവറുകളെങ്കിലും ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. ഇതെ തുടര്‍ന്ന് ആശുപത്രിയിലെ ഓൺലൈൻ സേവനങ്ങൾ ഒരാഴ്ചയായി പ്രവർത്തനരഹിതമാണ്.
എയിംസ്-ഡൽഹിയിൽ 40 ഫിസിക്കൽ സെർവറുകളും 100 വെർച്വൽ സെർവറുകളും ഉണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഇതിൽ അഞ്ച് സെർവറുകളെ സൈബർ ആക്രമണത്തിന്റെ ഫലമായി ബാധിച്ചിട്ടുണ്ട്,” ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഞ്ച് സെർവറുകളില്‍ ഏകദേശം മൂന്ന്, നാല് കോടി രോഗികളുടെ വിവരങ്ങളുണ്ട്. എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ഹാക്കിങ് നടന്ന നവംബർ 23 ന് ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനും അടിയന്തര യോഗത്തിൽ പങ്കെടുക്കാത്തതിനും രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്പെൻഡ് ചെയ്തു.
നവംബർ 24 ന് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതേ ദിവസം വൈകുന്നേരം രേഖാമൂലം മറുപടി നൽകാനും നിർദേശിച്ചിരുന്നു. ഈ സമയം അവധിയിലായിരുന്ന അനലിസ്റ്റിലൊരാളെ ഉദ്യോഗസ്ഥന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്നാണ് വിവരം.
ആശുപത്രി സേവനങ്ങൾ പുനസ്ഥാപിക്കുന്നതിനായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിലെയും (സിഇആർടി-ഇൻ) നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെയും (എൻഐസി) വിദഗ്ധരുടെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
സെർവറുകൾക്ക് പുറമേ, എയിംസ് നെറ്റ്വർക്കും അതിന്റെ കമ്പ്യൂട്ടറുകളും “ദുർബലമാണ്” എന്ന് വൃത്തങ്ങൾ പറഞ്ഞു. അതിനാൽ, സിഇആർടി-ഇന്നിന്റെ ഉപദേശം അനുസരിച്ച്, എയിംസ് ഇൻറർനെറ്റും എയിംസ് ഇൻട്രാനെറ്റും നിർത്തലാക്കിയിട്ടുണ്ട്.