scorecardresearch

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: അഞ്ച് ജീവനക്കാര്‍ കസ്റ്റഡിയില്‍

പരീക്ഷ കേന്ദ്രത്തിന് നേരെ ആരോപണവുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നാണ് പെൺകുട്ടികൾ പറയുന്നത്

പരീക്ഷ കേന്ദ്രത്തിന് നേരെ ആരോപണവുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നാണ് പെൺകുട്ടികൾ പറയുന്നത്

author-image
WebDesk
New Update
NEET, UG

നീറ്റ് പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾ (പ്രതീകാത്മക ചിത്രം)

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. രണ്ട് കോളജ് ജീവനക്കാരും മൂന്ന് ഏജന്‍സി ജീവനക്കാരുമാണ് കസ്റ്റഡിയിലായിരിക്കുന്നതെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. നേരത്തെ സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Advertisment

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു. പരാതിക്കാരിയായ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേന്ദ്ര സർക്കാരിനെ അതൃപ്‌തി അറിയിച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. സംഭവം അപലപനീയമാണെന്നും പരീക്ഷ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും തടയുന്ന നടപടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പരീക്ഷ സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ല എന്നാണ് എൻടിഎ പറയുന്നത്. എൻടിഎയ്ക്ക് നേരിട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും എന്‍ടിഎ ഡ്രസ് കോഡ് ഇത്തരം നടപടി അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി.

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ തെളിവ് ലഭിച്ചില്ലെന്ന് ജില്ലയിലെ പരീക്ഷ കോർഡിനേറ്ററും പറഞ്ഞു. താൻ നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരു സംഭവം നടന്നതായി തെളിവ് ലഭിച്ചില്ലെന്ന് കോർഡിനേറ്റർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അന്വേഷിക്കുമെന്ന് അതിന് ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും കോർഡിനേറ്റർ പറഞ്ഞു. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാകേന്ദ്രം സൂപ്രണ്ട് രേഖാമൂലം എൻടിഎയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എന്‍ടിഎ. നിരീക്ഷകനും സിറ്റി കോഓര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്തുനല്‍കിയിട്ടുണ്ട്.

Advertisment
publive-image
publive-image
publive-image

അതേസമയം, പരീക്ഷ കേന്ദ്രത്തിന് നേരെ ആരോപണവുമായി കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി. വളരെ മോശം അനുഭവമാണ് ഉണ്ടായതെന്നാണ് പെൺകുട്ടികൾ പറയുന്നത്. പരിശോധനയ്ക്ക് ശേഷം അടിവസ്ത്രം ധരിക്കാൻ അനുവദിച്ചില്ലെന്നും സൂക്ഷിക്കാൻ സ്ഥലം നൽകിയില്ലെന്നും പരാതിക്കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കയ്യിൽ ചുരുട്ടി പിടിച്ചു പോകാൻ പറഞ്ഞതായി കുട്ടി ആരോപിച്ചു. ആൺകുട്ടികൾ അടക്കമുള്ള പരീക്ഷ ഹാളിൽ മുടി മുന്നിലേക്ക് ഇട്ടാണ് പരീക്ഷ എഴുതിയതെന്ന് പെൺകുട്ടി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷവും കോളേജിൽ വച്ച് അടിവസ്ത്രം ധരിക്കാൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു. കുട്ടികൾ മാനസികമായി ആകെ തകർന്നതായി മാതാപിതാക്കളും ആരോപിച്ചു. പരീക്ഷയ്ക്ക് ശേഷം പോലും പൊട്ടിക്കരഞ്ഞ കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകേണ്ടി വന്നതായാണ് മാതാപിതാക്കൾ പറയുന്നത്.

സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്യുകയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു.

അതേസമയം, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വിദ്യാർത്ഥിയോട് പരീക്ഷാ നടത്തിപ്പുകാർ സ്വീകരിച്ച സമീപനം ധിക്കാരവും മനുഷ്യത്വ വിരുദ്ധവും ആണെന്ന്. പാര്ലമെന്റില് അടിയന്തര പ്രമേയ നോട്ടീസ് നൽകാനുള്ള നടപടികൾ ആരംഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇന്നലെ പറഞ്ഞിരുന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

Neet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: