മലയാളത്തിന്റെ പ്രിയ കവയത്രി ബാലാമണിയമ്മയുടെ 113-ാം ജന്മദിനമാണ് ഇന്ന്. മാതൃത്വത്തിന്റെ കവയത്രിയെന്ന് കേരളം വാഴ്ത്തിയ നാലപ്പാട്ടെ അമ്മയ്ക്ക് ആദരമർപ്പിക്കുകയാണ് ഗൂഗിൾ. ‘ഗൂഗിൾ ഡൂഡിലിൽ’ ബാലാമണിയമ്മയുടെ ചിത്രം നൽകിയാണ് ഗൂഗിൾ ആദർമർപ്പിച്ചിരിക്കുന്നത്. തറവാടു വീടിന്റെ വരാന്തയിൽ ഇരുന്ന് എഴുതുന്ന തരത്തിലുള്ള ഗ്രാഫിക് ചിത്രമാണ് ഗൂഗിൾ നൽകിയിരിക്കുന്നത്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 19-ന് ആയിരുന്നു ബാലാമണിയമ്മയുടെ ജനനം. പ്രശസ്ത കവി നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ പുസ്തകങ്ങളും ശിക്ഷണവുമാണ് ഔപചാരികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ബാലാമണിയമ്മക്ക് മാർഗ്ഗദർശമായത്.
ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മ 1930ലാണ് തന്റെ ആദ്യ കവിതയായി അറിയപ്പെടുന്ന ‘കൂപ്പുകൈ’ പ്രസിദ്ധീകരിച്ചത്. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ്.
1928ൽ ബാലാമണിയമ്മ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി എം നായരെ വിവാഹം ചെയ്തു. പ്രശസ്ത സാഹിത്യകാരി കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളായിരുന്നു. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട് എന്നിവരായിരുന്നു മറ്റു മക്കൾ. 2004 സെപ്റ്റംബർ 29-നായിരുന്നു മരണം. അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗ ബാധിതയായായി കഴിഞ്ഞ ശേഷമായിരുന്നു മരണം.