scorecardresearch

നവീൻ ബാബുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

എഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

എഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു

author-image
WebDesk
New Update
Naveen Babu

നവീൻ ബാബുവിന്റേത് തൂങ്ങി മരണം

കൊച്ചി: എഡിഎം നവീൻബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരിക്കുകൾ ഒന്നും ശരീരത്തിൽ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുതന്നെ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

Advertisment

എഡിഎം നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി പി പി ദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോൾ ഡേറ്റ രേഖകൾ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കൊടേരി നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ക്രിമിനൽ അന്വേഷണത്തിലെ എല്ലാ മികച്ച രീതികളും പിന്തുടർന്നാണ് അന്വേഷണം നടത്തുന്നത്. പഴുതുകൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണത്തിൽ പുരോഗതിയില്ലെന്ന ആരോപണം തെറ്റാണ്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സാധ്യത തള്ളികളയാനാവില്ലെന്ന ആരോപണം അനുസരിച്ച് അന്വേഷണം നടക്കുന്നുണ്ട്. തൂങ്ങിമരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊല ചെയ്ത ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയവും പറയുന്നില്ല. 

ഇൻക്വസ്റ്റിൽ ഇതിനുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ല. കലക്ടറേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിർണായക തെളിവു ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ലെന്നും എസ്ഐടി റിപ്പോർട്ട്, കോൾ ഡേറ്റ രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്ലാതെ അവ്യക്തമാണെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശ്യമാണ് പിന്നിൽ.

Advertisment

ഇൻക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിർബന്ധമില്ല. അഞ്ച് മണിക്കൂറിനുള്ളിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നു സർക്കാർ നിർദേശമുണ്ട്. പത്തനംതിട്ടയിൽ നിന്നു ബന്ധുക്കൾ കണ്ണൂരിലെത്താൻ 12 മണിക്കൂർ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു.

സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തിൽ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോൾ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു,ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പൊലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.

ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. നവീൻ ബാബു കലക്ടറേറ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും മുനീശ്വരൻ കോവിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീൻ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ക്വാർട്ടേഴ്സ് കാണുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായിട്ടില്ല. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ പ്രശാന്തിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകൾ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം പൊലീസിന്റെ സത്യവാങ്മൂലത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തി. പരിയായരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തരുതെന്നും കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് നടത്തണമെന്നും കുടുംബം കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. കലക്ടർ അത് കേൾക്കാൻ തയ്യാറായില്ലെന്നും തിടുക്കപ്പെട്ട് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

Read More

Kerala High Court Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: