scorecardresearch

ദേശീയപാത വികസനം: 'കേന്ദ്രവുമായി തര്‍ക്കമില്ല'; ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തില്‍ ദേശിയപാത വികസനം വെല്ലുവിളിയാണെന്നും ചിലവ് കൂടുതലാണെന്നുമായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍

കേരളത്തില്‍ ദേശിയപാത വികസനം വെല്ലുവിളിയാണെന്നും ചിലവ് കൂടുതലാണെന്നുമായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan, Nitin Gadkari, National Highway

പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനായി വ്യക്തിപരമായ താത്പര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗഡ്കരിക്ക് നന്ദി പറയാനും പിണറായി വിജയന്‍ മടിച്ചില്ല.

Advertisment

നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഉന്നയിച്ച കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.

"ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഭൂമിയേറ്റടുക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭൂമിയേറ്റെടുക്കുന്നതിനെപ്പറ്റി ഗഡ്കരി ജി നേരത്തെ പറയുകയുണ്ടായി. നമ്മുടെ സംസ്ഥാനം രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. തലപ്പാടി മുതല്‍ പാറശാല വരെയെടുത്താല്‍ എല്ലായിടത്തും ജനസാന്ദ്രത കൂടുതലാണ്. എവിടേയും ഭൂമിക്ക് വലിയ വിലയുമാണ്," മുഖ്യമന്ത്രി വ്യക്തമാക്കി.

"ഭൂമിക്ക് ഇത്രയധികം വില കൊടുത്ത് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാട് നാഷണല്‍ ഹൈവെ അതോറിറ്റി സ്വീകരിച്ചു. സ്വാഭാവികമായും ആ കാര്യത്തില്‍ തര്‍ക്കമുണ്ടായി. ഗഡ്കരി ജിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. പിന്നീടാണ് ഏറ്റെടുക്കുന്ന ഭൂമിക്ക് വേണ്ടി വരുന്ന തുകയുടെ 25 ശതമാനം സംസ്ഥാനം നല്‍കാമെന്ന് സമ്മതിക്കുന്ന നിലയുണ്ടായത്," മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

"യഥാര്‍ത്ഥത്തില്‍ അത് കേരളം കാണിച്ച ഒരു കെടുകാര്യസ്ഥതയുടെ ശിക്ഷയായിരുന്നു. ദശാബ്ദങ്ങളായിയുള്ളതാണ് ദേശീയപാത വികസനം. അത് കൃത്യസമയങ്ങളില്‍ നടത്താന്‍ നമുക്കായിട്ടില്ല. അതിന്റെ പിഴയായാണ് ഈ തുക. അന്നൊക്കെ ഭൂമി ഏറ്റെടുത്തിരുന്നെങ്കില്‍ തുക മുടക്കേണ്ടി വരില്ലായിരുന്നു. 5,580 കോടിയിലധികം തുകയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടി വന്നത്," പിണറായി വിജയന്‍ വിശദീകരിച്ചു.

ഇന്നത്തെ പാര്‍ലമെന്റ് സെഷനിലായിരുന്നു കേന്ദ്ര മന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. കേരളത്തില്‍ ദേശീയപാത വികസനം വെല്ലുവിളിയാണെന്നും ചിലവ് അധികമാണെന്നുമായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍. "ഒരു കിലോമീറ്ററിന്‍ 100 കോടി രൂപ ആവശ്യമാണ്. ഭൂമിയേറ്റെടുക്കല്‍ ചിലവിന്റെ 25 ശതമാനം വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്കു നൽകിയിരുന്നെങ്കിലും പിന്നീട് പിന്മാറി," ഗഡ്കരി ആരോപിച്ചു.

Central Government Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: