ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) സുരക്ഷാ കൗണ്‍സിലില്‍ കശ്മീര്‍ വഷയം ഉന്നയിച്ച പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് സംരക്ഷണം നല്‍കുകയും അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്തവര്‍ക്ക് പ്രസംഗം നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
മഹാമാരികളോ കാലാവസ്ഥാ വ്യതിയാനമോ സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മുടെ കാലത്തെ പ്രധാന വെല്ലുവിളികളോടുള്ള ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കും യുഎന്നിന്റെ വിശ്വാസ്യതയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
“ബഹുപക്ഷവാദത്തെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഞങ്ങൾ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾക്ക് സ്വാഭാവികമായും പ്രത്യേക വീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ ഇത് ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്ന ഒരു ധാരണ കൂടിവരുന്നുണ്ട്, ”പരിഷ്കൃത ബഹുരാഷ്ട്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ സിഗ്നേച്ചർ ഇവന്റിന്റെ അധ്യക്ഷനായ ജയശങ്കർ പറഞ്ഞു.
“നമ്മൾ പരിഹാരങ്ങള്‍ക്കായാണ് ശ്രമിക്കുന്നത്, പക്ഷെ ഭീഷണികളുടെ സാധാരണവല്‍ക്കണം അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണ്. ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന കാര്യങ്ങള്‍ ഉയരാൻ പാടില്ല. അതിർത്തി കടന്നുള്ള ഭീകരതയുടെ ഭരണകൂട സ്പോൺസർഷിപ്പിന് അത് തീർച്ചയായും ബാധകമാണ്. ഒസാമ ബിൻ ലാദന് ആതിഥ്യമരുളുന്നതും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുന്നതും ഈ കൗൺസിലിന് മുമ്പിൽ പ്രസംഗിക്കാനുള്ള യോഗ്യതാപത്രമായി മാറില്ല,” അദ്ദേഹം പറഞ്ഞു.
യുഎൻ സുരക്ഷ കൗൺസിലിന്റെ ഇന്ത്യയുടെ നിലവിലെ പ്രസിഡൻസിക്ക് കീഴിൽ നടക്കുന്ന തീവ്രവാദ വിരുദ്ധ, പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തെക്കുറിച്ചുള്ള രണ്ട് സിഗ്നേച്ചർ ഇവന്റുകൾക്ക് അധ്യക്ഷത വഹിക്കാൻ ജയശങ്കർ ചൊവ്വാഴ്ചയാണ് യുഎന്നിലെത്തിയത്.
പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തെക്കുറിച്ചുള്ള കൗൺസിൽ ചർച്ചയിൽ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കര്‍ ശക്തമായി പ്രതികരിച്ചത്.
കൗൺസിലിൽ ഭൂട്ടോ സംസാരിക്കുമ്പോൾ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ രുചിര കാംബോജ് ചർച്ചയിൽ അധ്യക്ഷനായിരുന്നു.
2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വര്‍ധിക്കുകയാണ്. ഇന്ത്യയുടെ തീരുമാനത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.