/indian-express-malayalam/media/media_files/uploads/2021/06/Untitled-design-16.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് വിഭാഗങ്ങളില്‍നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
മരം മുറിക്കാന്‍ കഴിയില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ വന്‍തോതില്‍ ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്. വയനാട്ടിലെ സൗത്ത് മുട്ടിലില്‍നിന്ന് 101 മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 കോടി വിലമതിക്കുന്ന മരങ്ങള്‍ വെട്ടി കടത്തിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, പട്ടയഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെയും കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജു വര്‍ഗീസിനെയും പ്രത്യേകമായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടി.
Also Read: പട്ടയഭൂമിയില്‍നിന്ന് മുറിച്ച മരങ്ങള്‍ കണ്ടുകെട്ടല്‍: നടപടി ഹൈക്കോടതി ശരിവച്ചു
മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലന്‍സ് നിയമിച്ചിരുന്നു. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം മേഖലകളില്‍ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കന്ന കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വര്‍ഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍സര്‍വേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം.
വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സ്വന്തം ജില്ലകളില്‍ അന്വേഷണം വരാത്ത വിധത്തില്‍ മേഖലകള്‍ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. 22 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.