കൊച്ചി: പട്ടയഭൂമിയില്‍നിന്ന് മുറിച്ച മരങ്ങള്‍ കണ്ടുകെട്ടാനുള്ള വനം വകുപ്പിന്റെ നടപടികള്‍ ഹൈക്കോടതി ശരിവച്ചു. ഹര്‍ജിക്കാര്‍ക്കെതിരായ നടപടികളും കേസിലെ അന്വേഷണവും തുടരാമെന്നും കോടതി വ്യക്തമാക്കി.
2020 ഒക്ടോബര്‍ 24 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുറിച്ച മരങ്ങള്‍ നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് നെട്ടിഗൈ സ്വദേശി ലിസമ്മ അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി.ഗോപിനാഥ് പരിഗണിച്ചത്.
ഹര്‍ജിക്കാര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പരിധിയില്‍ വരുന്നില്ലന്ന് കോടതി നിരീക്ഷിച്ചു. പട്ടയത്തിലെ വ്യവസ്ഥയില്‍ പറയുന്ന പ്രകാരമുള്ള മരങ്ങളാണ് തങ്ങള്‍ മുറിച്ചതെന്നതിന് ഒരു തെളിവും ഹര്‍ജിക്കാര്‍ പറയുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുറിച്ച മരങ്ങള്‍ പട്ടയം ലഭിച്ച ശേഷം ഉടമ നട്ടതാണെതിനോ, തനിയെ കിളിര്‍ത്തതാണെന്നതിനോ, പട്ടയം ലഭിച്ചപ്പോള്‍ പണം അടച്ചതാണെന്നതിനോ തെളിവൊന്നും കാണുന്നില്ലന്നും കോടതി പറഞ്ഞു.
Also Read: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാരുടെ അവകാശലംഘന നോട്ടിസ്
തടികള്‍ പിടിച്ചെടുത്തോയെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. പട്ടയം കിട്ടിയശേഷം നട്ട മരങ്ങള്‍ മാത്രമേ വെട്ടാനാവൂയെന്നും പട്ടയ ഭൂമിയിലെ മരങ്ങള്‍ വെട്ടാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും തടികള്‍ കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.