/indian-express-malayalam/media/media_files/uploads/2021/06/Muttil-Tree-Felling-Case-1.jpg)
കൊച്ചി: മരം മുറിക്കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം. സർക്കാർ ഭൂമിയിലെ മരം മുറിയിൽ എന്തന്വേഷണമാണ് നടന്നതെന്ന് കോടതി ആരാഞ്ഞു. കേസ് ഡയറിയിലും റിപ്പോർട്ടിലും സർക്കാർ ഭൂമിയിലെ മരം മുറിച്ചതിനെക്കുറിച്ചുള്ള അന്വേഷണം കാണുന്നില്ലെന്നും കോടതി പറഞ്ഞു.
കോടതി ആവശ്യപ്പെട്ടതല്ല റിപ്പോർട്ടിലുള്ളത്. പുറമ്പോക്കിലെയും സർക്കാർ ഭൂമിയിലെയും മരംമുറി സംബന്ധിച്ച റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. എന്നാൽ നൽകിയിരിക്കുന്നത് പട്ടയഭൂമിയിലെ മരം മുറിച്ചതിനെക്കുറിച്ചാണ്. എന്തിനാണ് പ്രത്യേക അന്വേഷണ സംഘത്തെ വച്ചത്?. മരം മുറിക്കു പിന്നിലെ സംസ്ഥാനതല ഗുഡാലോചനയെക്കുറിച്ചും അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഒന്നുമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു മാസമായിട്ടും പട്ടയഭൂമിയിലെ മരം മുറിയെക്കുറിച്ച് മാത്രമാണ് അന്വേഷണമെന്നും സർക്കാർ ഭൂമിയിലെ മരം മുറിച്ചതിൽ ഒരന്വേഷണവുമില്ലന്നും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സംഘത്തെ നിയോഗിച്ച ഉത്തരവിൽ തന്നെ വിവിധ ജില്ലകളിലെ സർക്കാർ - വനം ഭൂമികളിലെ മരം മുറി അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടന്നും കോടതി വ്യക്തമാക്കി.
സിബിഐ അന്വേഷണം സംബന്ധിച്ച ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസ് ഡയറിയും റിപ്പോർട്ടും ഹാജരാക്കിയത്. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു വിമർശനം. കേസിൽ കോടതി പിന്നീട് വിധി പറയും.
Also Read: ഐഎസ്ആർഒ ചാരക്കേസ്: നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.