/indian-express-malayalam/media/media_files/uploads/2021/05/Untitled-design-27.jpg)
കൊച്ചി: മുട്ടിൽ മരംകൊള്ളക്കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ഹർജി കോടതി തള്ളി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വൻതോതിൽ മരം മുറിച്ചതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി കോടതിയെ അറിയിച്ചു. ഉന്നത ബന്ധമുള്ള കേസാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും റവന്യൂ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണെന്നും സർക്കാർ അറിയിച്ചു.
പൊലീസ് അന്വേഷണം തടയണമെന്ന ഹർജി ജസ്റ്റിസ് നാരായണ പിഷാരടിയാണ്പരിഗണിച്ചത്. പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന റവന്യൂ വകുപ്പിൻ്റെ ഉത്തരവിന്റെ മറവിൽ വൻതോതിൽ ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്.
വയനാട്ടിലെ സൗത്ത് മുട്ടിലിൽനിന്ന് 101 മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 കോടി വിലമതിക്കുന്ന മരങ്ങൾ വെട്ടി കടത്തിയതായാണ് റിപ്പോർട്ട്.
സർക്കാർ ഉത്തരവ് നിയമവിരുദ്ധം
അതിനിടെ, പട്ടയഭൂമിയിൽനിന്ന് മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് മറ്റൊരു ഹർജിയിൽ ഹൈക്കോടതി വ്യക്തമാക്കി. 2020 ഒക്ടോബർ 24 ന് നിയമ വിരുദ്ധ ഉത്തരവിറക്കിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിട്ടു.
നടപടി എടുത്തിട്ടില്ലെങ്കിൽ, എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. വെള്ളിയാഴ്ചക്കകം തീരുമാനം അറിയിക്കണം.
Also Read: യുപി മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡ്യയെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു
സർക്കാർ ഉത്തരവിനെത്തുടർന്ന് തന്റെ ഭൂമിയിലെ ഈട്ടി അടക്കുള്ള മരങ്ങൾ മുറിച്ചെന്നും തടി കണ്ടു കെട്ടാൻ വനം ഉദ്യോഗസ്ഥർ നടപടി എടുക്കുകയാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് കാസർഗോഡ് നെട്ടിഗൈ സ്വദേശി ലിസമ്മ തോമസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
മരം മുറിക്കാൻ വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതി ലഭിച്ചെന്നും ലോക്ഡൗൺ കാരണം തടി നീക്കാൻ കഴിഞ്ഞില്ലെന്നും ഉദ്യാഗസ്ഥർ എത്തി തടി കണ്ടുകെട്ടുമെന്ന് അറിയിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. കണ്ടുകെട്ടൽ നടപടികൾ കോടതി തൽക്കാലത്തേക്കു തടഞ്ഞു.
മരം മുറിക്കാനുള്ള ഉത്തരവ് പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും വനം നിയമങ്ങൾക്ക് വിരുദ്ധമായാണ് ഉത്തരവ് ഇറക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.